ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രണ്ടാം സ്ഥാനം; പൊന്ന് കൈവിട്ടതിൽ നിരാശ

Monday 19 January 2026 9:52 AM IST

തൃശൂർ : കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നിന്ന് ഫോട്ടോ ഫിനിഷിംഗിലൂടെ തൃശൂരിലെത്തിച്ച സ്വർണക്കപ്പ് നിലനിർത്താൻ അവസാനനിമിഷം വരെയും പോരാടി. ഒടുവിൽ അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിൽ കണ്ണൂരിന് വിട്ടു നൽകേണ്ടി വന്ന നിരാശയിലാണ് തൃശൂർ. കണ്ണൂരിന് 1028 പോയിന്റ് ലഭിച്ചപ്പോൾ ആതിഥേയർക്ക് 1023ഉം കോഴിക്കോടിന് 1017 ഉം പാലക്കാടിന് 1013 ഉം പോയിന്റാണ് ലഭിച്ചത്. കോഴിക്കോട് അൽപ്പം ലീഡ് കൈവരിച്ചെങ്കിലും പിന്നീട് കണ്ണൂരിന്റെ മുന്നേറ്റമായിരുന്നു. രണ്ടാം സ്ഥാനത്ത് തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു.

മൂന്ന് ജില്ലകളും മാറി മാറി രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ കയറിയിറങ്ങി നിന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം സ്ഥാനത്തേക്കും ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതത്തിൽ രണ്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടത് തിരിച്ചടിയായി. ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂർ 494 പോയിന്റ് നേടിയപ്പോൾ തൃശൂരിന് 489 പോയിന്റാണ് ലഭിച്ചത്. ഇതിനു മുമ്പ് 1969,1970 വർഷങ്ങളിലാണ് തൃശൂരിന് തുടർച്ചായി കിരീടം ലഭിച്ചത്.