'യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണം'; വീഡിയോ പ്രചരിച്ചതോടെ യുവാവ് ജീവനൊടുക്കിയതിൽ പരാതിയുമായി രാഹുൽ ഈശ്വർ

Monday 19 January 2026 10:24 AM IST

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. വീഡിയോ പകർത്തിയ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗും പരാതി നൽകി. പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിക്കെതിരെ പരാതി നൽകുമെന്ന് ദീപക്കിന്റെ പിതാവും അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു ദീപക്കിനെ (42) വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ ലൈംഗികാതിക്രമം കാണിച്ചെന്ന തരത്തിലുള്ള വീഡിയോ ഒരു യുവതി പങ്കുവച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദീപക്ക് കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു.

ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. യുവാവിന്റെ മരണവിവരം പുറത്തുവന്നതോടെ യുവതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിൽ യുവതി ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.

'പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂർ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ. എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോൾ എനിക്ക് മനസിലായി. ഭയങ്കര ഡിസ്‌കംഫർട്ടായിട്ടാണ് നിൽക്കുന്നത്. ഞാൻ അവരോട് ഒന്നും ചോദിച്ചില്ല. ഞാൻ ഫോൺ ക്യാമറ ഓണാക്കി പിടിച്ചു. എന്നാൽ ഞാൻ റെക്കോർഡ് ചെയ്തിരുന്നില്ല. കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാൻഡിലെക്കെത്തി. അയാൾ തൊട്ടുരുമ്മി നിൽക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പിന്നെയും വീഡിയോ ഓൺ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ പിന്നിൽ ഞാനാണ് ഉണ്ടായിരുന്നത്.

എന്റെ ശരീരത്തിലേക്ക് അയാളുടെ കെെ തൊടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് വീഡിയോയിൽ കാണാം. ഞാൻ മാറി നിന്നു. അയാൾ വീണ്ടും അത് ആവർത്തിച്ചു. പിന്നീട് എന്താ ചേട്ടാ കാണിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ വേഗത്തിൽ നടന്നുപോയി. പിന്നീട് വടകര സ്റ്റേഷനിൽ പരിചയമുള്ള ഒരു പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അഡ്രസ് പറയാനാണ് പറഞ്ഞത്. അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ആളെ കുറിച്ച് എന്തെങ്കിലും വിവിരം കിട്ടുന്നവർ അറിയിക്കണമെന്നും ഞാൻ വീഡിയോയിൽ കുറിച്ചു. എന്റെ കാര്യത്തിൽ തന്നെ 100ശതമാനം എനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും എന്നെ തൊടാൻ ശ്രമിക്കുകയാണ് ചെയ്തത്. അയാളുടെ മരണവിവരം അറിഞ്ഞതിൽ സങ്കടമുണ്ട്'- യുവതി പറഞ്ഞു.