'ആ പെണ്ണ് മാത്രമല്ല അയാളുടെ മരണത്തിന് ഉത്തരവാദി'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി

Monday 19 January 2026 11:11 AM IST

സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. ഒരു ആരോപണം വെെറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നുവെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അവരുടെ പ്രതികരണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ അത് നിതിയല്ല. സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

'ഒരാളുടെ നിരപരാധിത്തം തെളിയിക്കാൻ / വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു. അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.

കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാദ്ധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാദ്ധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി.