'നിരപരാധിയെന്ന് വിശ്വസിക്കുന്നെങ്കിൽ ധൈര്യപൂർവം ആരോപണങ്ങളെ നേരിടണമായിരുന്നു'

Monday 19 January 2026 11:14 AM IST

സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനുപിന്നാലെ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ആരോപണങ്ങളെ ധൈര്യപൂർവം നേരിടണമായിരുന്നെന്നും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

' തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സിൽ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പർശിച്ചു എന്ന രീതിയിൽ ഒരു യുവതി ബസ്സിൽ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇട്ട് അത് വൈറൽ ആക്കിയതും. വീഡിയോ പുറത്ത് വന്നതിൽ പിന്നെ വളരെ സമ്മർദ്ദത്തിൽ ആയ യുവാവ് മരണം തെരഞ്ഞെടുത്തു.. (ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.)

ആണുങ്ങൾക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറൽ ആക്കിയാൽ കോടതിയോ മാദ്ധ്യമങ്ങളോ പോലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓർത്തോ. സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്. ഒരു ലക്ഷം ആളുകൾ ഇത്തരം വീഡിയോസ് കാണുമ്പോൾ മിനിമം 1000 പേരെങ്കിലും നിങ്ങൾ ഞരമ്പൻ ആണെന്ന് വിശ്വസിക്കും.. ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ അവസ്ഥയെ ധൈര്യപൂർവം ഫേസ് ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നിൽ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച യുവാവിന് പ്രണാമം..അതിനാൽ പുരുഷന്മാരെ "ഭയം വേണ്ട.. ജാഗ്രത മതി"- സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സ്ത്രീ സുരക്ഷാ നിയമങ്ങൾ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുതെന്നും അങ്ങനെ ചെയ്‌താൽ യഥാർത്ഥ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാകുമെന്നും സംഭവം സത്യമാണെങ്കിലും പലരും വിശ്വസിക്കില്ലെന്നും അദ്ദേഹം കുറിച്ചു.

'ഇനി ഏതെങ്കിലും പുരുഷനിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ വർഷങ്ങളോളം അതും വെച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വീഡിയോ ഉണ്ടെങ്കിൽ അത് വെച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പോലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീർച്ചയായും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടരുത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി സ്വദേശിയായ യു ദീപക്കാണ് ആത്മഹത്യ ചെയ്‌തത്. ഞായറാഴ്ച രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിൽ വച്ച് ദീപക് തന്നെ ലൈംഗികമായി സ്‌പർശിച്ചെന്നാരോപിച്ചാണ് യുവതി വീഡിയോ പങ്കുവച്ചത്. എന്നാൽ, യുവതി നടത്തിയത് വസ്‌തുതാവിരുദ്ധമായ ആരോപണമാണെന്നും ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യചെയ്‌തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ നീക്കം. അതേസമയം, യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.