ഖദർ ജുബ്ബയിട്ട് മീശപിരിച്ച് ലാലേട്ടൻ ഷോ
തൃശൂർ: കലോത്സവത്തിന്റെ സമാപന വേദിയിലേയ്ക്ക് കൈത്തറി വസ്ത്രമണിഞ്ഞ് മഹാനടൻ മോഹൻലാലിന്റെ മാസ് എൻട്രി. കുട്ടികൾക്ക് മുന്നിൽ മീശപിരിച്ചും കസവ് മുണ്ടും അതിന് ചേരുന്ന ജുബ്ബയുമായി ലാലേട്ടൻ നിറഞ്ഞാടി.
മണിക്കൂറുകളായി അടക്കി നിർത്തിയിരുന്ന ആവേശം മഹാനടനെ കണ്ടപ്പോൾ ആർപ്പുവിളകളോടെ അണപൊട്ടിയൊഴുകി. മുഴുവൻ നിശ്ചയിച്ച സമയത്തിന് രണ്ട് മിനിട്ടുള്ളപ്പോഴാണ് മോഹൻലാലിന്റെ വാഹനം പൂരനഗരിയിലേക്കെത്തിയത്. പൂരപ്പറമ്പിലെ വിശാലമായ പന്തലിലും പുറത്തുമായി പതിനായിരങ്ങളാണ് മഹാനടനെ കാത്തുനിന്നിരുന്നത്. പൊലീസിന്റെ നിയന്ത്രണങ്ങളെല്ലാം പാളുംവിധം തിക്കും തിരക്കുമുണ്ടായിരുന്നു. പ്രായ ഭേദമന്യേ എല്ലാവരും മഹാനടന് സ്നേഹാഭിവാദ്യമേകി. എത്ര ബുദ്ധിമുട്ടിയാലും പ്രിയനടനെ കണ്ടിട്ടേ പോകൂവെന്ന വാശിയിൽ നിന്നവരുടെ മുന്നിലേയ്ക്ക് കൈവീശിക്കൊണ്ട് മോഹൻലാൽ വേദിയിലെത്തി.
റോസാപ്പൂവും നെറ്റിപ്പട്ടത്തിന്റെ രൂപമുള്ള ഉപഹാരവും നൽകിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. 34 മിനിറ്റിന് ശേഷമാണ് മോഹൻലാലിനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. അപ്പോഴേക്കും പൂരാവേശത്തിന്റെ ത്രില്ലിലായി ജനക്കൂട്ടം. വടക്കുംനാഥന് നന്ദി പറഞ്ഞാണ് തുടങ്ങിയത്.
മന്ത്രി ശിവൻകുട്ടി പറഞ്ഞിട്ടാണ് കൈത്തറി വസ്ത്രം ധരിച്ചതെന്നും താൻ കൈത്തറിക്കുവേണ്ടി ഗുഡ്‌വിൽ അമ്പാസിഡർ ആയിരുന്നെന്നും പറഞ്ഞു. ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുംമുമ്പെ മന്ത്രി വി.ശിവൻകുട്ടി കലോത്സവത്തിന്റെ സ്നേഹാദരവ് സമ്മാനിച്ചു. കൈത്തറി വേഷത്തിന് ചേരുന്ന കസവിന്റെ ഷാൾ അണിയിച്ചു. ശില്പി നാരായണൻ തയ്യാറാക്കിയ മോഹൻലാലിന്റെ രൂപത്തോടെയുള്ള ശില്പവും ചടങ്ങിൽ ശില്പിതന്നെ സമ്മാനിച്ചു. 5.25ന് മഹാനടൻ വേദിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴേക്കും സദസിന്റെ ആവേശം നൂറിരട്ടിയായി.