'ഗുണ്ടകൾ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അവരുടെ കഞ്ഞിയിലാണ് രേണു സുധി പാറ്റയിട്ടത്'; തുറന്നുപറഞ്ഞ് സംവിധായകൻ
മലയാളികൾക്ക് ഇന്ന് സുപരിചിതയാണ് സോഷ്യൽ മീഡിയ താരം രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനുശേഷം കലാരംഗത്ത് സജീവമായ രേണുവിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പിന്നീട് മലയാളികൾ കണ്ടത് രേണു സുധിയുടെ അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് രേണു സുധിയുടെ ചില തെറ്റുകൾ തന്റെ യൂട്യൂബിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.
'മലയാളികൾ ഇന്നും മറക്കാത്ത ഹാസ്യനടനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ മരണവും പെട്ടന്നുണ്ടായതായിരുന്നു. ഇതോടെ ജീവിതത്തിൽ പകച്ചുപോയ രേണു സുധിയെയും മക്കളെയും നാം കണ്ടതാണ്. പലരും അവർക്ക് സഹായങ്ങളുമായെത്തി. പലരും ജോലി വാഗ്ദാനം ചെയ്തിട്ടും രേണു സുധി സന്നദ്ധത പ്രകടിപ്പിച്ചില്ല. പിന്നീടാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. വിമർശനങ്ങൾ ഒരുപാട് നേരിട്ടിട്ടും രേണു സുധി തളരാതെ മുന്നോട്ടുപോയി.
പിന്നീടാണ് അവർ ബിഗ്‌ബോസിലേക്കുപോയത്. അവിടെയും അവർക്ക് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. സെപ്റ്റിക് ടാങ്കെന്നും ഡാഗിനിയെന്നൊക്കെ ചിലർ രേണുവിനെ വിളിച്ചു. അതിലൊന്നും പ്രതികരിക്കാതെ താനൊരു അമ്മയല്ലേയെന്നും വിധവയല്ലേയെന്നും പറഞ്ഞ് രേണു സുധി കരഞ്ഞു. അത് മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങിയ രേണുവിന് പിന്നീട് വളർച്ചയുടെ ദിവസങ്ങളായിരുന്നു.
സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വന്തമായൊരു വീടെന്ന മോഹം സാദ്ധ്യമാക്കാൻ സഹായിച്ചവരാണ് ബിഷപ്പ് നോബിൾ ഫിലിപ്പും സന്നദ്ധ സംഘടനകളും. നോബിൾ ഫിലിപ്പ് തന്റെ കുടുംബസ്വത്തിൽ നിന്നാണ് ഏഴ് സെന്റ് പുരയിടം നൽകിയത്. എന്നാൽ ഇന്നവർ ഗുണ്ടകളുടെ ഭീഷണി ഭയപ്പെടുന്ന ഘട്ടത്തിലാണ്. അവർ ജീവന് ഭീഷണിയുണ്ടെന്ന് വിലപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം രേണു സുധിക്കായിരിക്കുമെന്ന് നോബിൾ ഫിലിപ്പ് പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിലേക്ക് അപരിചിതരായ രണ്ട് ഗുണ്ടകൾ വന്ന് ഫോട്ടെയെടുത്തിട്ട് നിന്നെ പിന്നെ കണ്ടോളാമെന്ന ഭീഷണി മുഴക്കി പോയെന്നും നോബിൾ ഫിലിപ്പ് പറഞ്ഞു. തന്നെ കൊലപ്പെടുത്താൻ വീട്ടിൽ ആളുകൾ വന്നെന്നും പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്ക് ജീവിക്കാൻ മനക്കരുത്തും തന്റേടവും ആവശ്യമുണ്ട്. പക്ഷെ അഹങ്കാരവും ഗുണ്ടകളുടെയും ആവശ്യമുണ്ടോ? നിർദ്ധനരായവരുടെ കഞ്ഞിയിലാണ് രേണു പാറ്റയിട്ടത്. രേണു സുധിക്ക് തെറ്റുകൾ തിരുത്താൻ ഇനിയും സമയമുണ്ട്. ഇപ്പോൾ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.