പകലായാലും രാത്രിയായാലും മുറിയിലെ വായു ശുദ്ധമാക്കും, വീട്ടിനുള്ളിൽ തണുപ്പ് നിലനിർത്തും, അത്ഭുതമാണ് ഈ ചെടി

Monday 19 January 2026 1:42 PM IST

ചെടികളെയും പൂക്കളെയും മരങ്ങളെയുമെല്ലാം ഇഷ്‌ടമല്ലാത്തവർ ആരുണ്ട്. ഇവ വളർത്താൻ ഒരുതരി മണ്ണ് വീട്ടിലില്ലാത്തവർ പോലും കവറിലോ ചട്ടിയിലോ ടെറസിലോ സ്ഥലം സംഘടിപ്പിച്ച് വളർത്തും. മനുഷ്യർക്ക് സ്‌ട്രെസ് കുറയ്‌ക്കാനും സന്തോഷം നൽകാനും ചെടികളുടെ പച്ചപ്പിന് കഴിവുണ്ട് എന്നത് മനസിലാക്കിയിട്ടുള്ള കാര്യമാണ്. മോഡേൺ വീടുകൾക്കുള്ളിൽ പോലും ചെടികൾ വളർത്തുന്നവരുണ്ട്. ഇത്തരത്തിൽ വളർത്തുന്ന ചെടികളിൽ ഏറെ ഗുണമുള്ള ഒന്നിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

സാധാരണ ചെടികൾ പകൽ മാത്രം പ്രകാശസംശ്ളേഷണം നടത്തി ഓക്‌സിജൻ പുറത്തുവിടുമ്പോൾ ഈ ചെടി രാത്രിയിലും അത് ചെയ്‌ത് മനുഷ്യർക്ക് നിശബ്‌ദമായി സഹായം ചെയ്യുന്നു. കണ്ടാൽ തലയുയർത്തി നിൽക്കുന്ന പാമ്പിനെപ്പോലെ തോന്നുന്ന സ്‌നേക് പ്ളാന്റ് അഥവാ സർപ്പപ്പോളയാണ് ആ അത്ഭുത ചെടി.

മിക്ക വീടുകളിലും ഇൻഡോർ ആയുള്ള ഹോട്ടലുകളിലുമെല്ലാം ഈ ചെടിയെ കാണാനാകും. ഇത് ഇങ്ങനെ വളർത്താൻ കാരണം ഇവയാണ്. നൈട്രജൻ ഓക്‌സൈഡ് പോലെ വിഷാംശമുള്ള വായുവിനെ വരെ ഇത് വലിച്ചെടുക്കും. പകലും രാത്രിയും പ്രകാശസംശ്ളേഷണം നടത്തി ശുദ്ധമായ ഓക്‌സിജൻ പുറത്തുവിടുന്നു.

വീട്ടിനുള്ളിൽ പച്ചപ്പ് ഉണ്ട് എന്നതിനാൽ ഈ ചെടി വളർത്തുന്നവർക്ക് മനസിന് സമാധാനം നൽകും. വളരെ കുറച്ച് പരിചരണം ആവശ്യമുള്ള ഒരു ചെടികൂടിയാണ് സർപ്പപ്പോള. ചൂടേറിയ സ്ഥലങ്ങളിൽ സർപ്പപ്പോള വളർത്തുന്നത് ഉചിതമാണ് കാരണം ഇവ ഈർപ്പം പുറത്തേക്ക് വിടുന്നവയാണ്. അതിലൂടെ മുറിക്കുള്ളിൽ തണുപ്പ് ലഭിക്കും.

രാത്രിയിലും ഓക്‌സിജൻ പുറത്തുവിടുന്നതിനാൽ ബെഡ്‌റൂമിൽ തണുപ്പ് നിലനിൽക്കുന്നതിനാൽ നല്ല ഉറക്കം ലഭിക്കും. അതുവഴി മനസ് ശാന്തമാകാനും സർപ്പപ്പോള സഹായിക്കും. പ്രാണികളെ വീട്ടിനുള്ളിൽ നിന്നും അകറ്റാനും ഇവയ്‌ക്ക് കഴിവുണ്ട്. എങ്കിലും വീടിനകം പൂർണമായും ശുദ്ധമാക്കുന്നവയല്ല അതിന് സഹായം ചെയ്യുന്നവ മാത്രമാണ് എന്നത് മനസിലാക്കേണ്ട കാര്യമാണ്. മറ്റ് ചില അലങ്കാര ചെടികളെപ്പോലെ വിഷാംശവും ഇവക്കില്ല.