പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്, സന്ദർശനം വെറും രണ്ട് മണിക്കൂർ മാത്രം

Monday 19 January 2026 3:40 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി.

നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനുവേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങും.ഫെബ്രുവരിയില്‍ റെയില്‍വേയുടെ ഉള്‍പ്പെടെ പരിപാടികള്‍ക്കായി പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്. 23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്.