അങ്കമാലിക്ക് വേണം ഒരു ട്രാഫിക് സ്റ്റേഷൻ

Tuesday 20 January 2026 12:46 AM IST
അങ്കമാലി പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള പഴയ ട്രാഫിക് യൂണിറ്റ് ഓഫീസ്

നഗരത്തിലെങ്ങും ഗതാഗതക്കുരുക്ക്

അങ്കമാലി: എം.സി.റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിൽ ട്രാഫിക് യൂണിറ്റ് ബോർഡുണ്ടെങ്കിലും വർഷങ്ങളായി പ്രവർത്തനം നിശ്ചലമാണ്. വാഹനങ്ങളുടെ അനധികൃത പാർക്കിംഗും നിയമലംഘനങ്ങളും വർദ്ധിക്കുന്നതോടെ നഗരത്തിലെ യാത്രാക്ലേശം അതിരൂക്ഷമായി തുടരുന്നു.

അങ്കമാലി നഗരസഭ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ പഞ്ചായത്തുകൾ, പാറക്കടവ് പഞ്ചായത്തിലെ പുളിയനം മേഖല എന്നിവിടങ്ങളിലെ ക്രമസമാധാനച്ചുമതല അങ്കമാലി പൊലീസിനാണ്. സേനയിൽ 54 പേരുണ്ടെങ്കിലും അദർ ഡ്യൂട്ടി കഴിഞ്ഞ് 30ൽ താഴെ പേർ മാത്രമാണ് സ്റ്റേഷൻ ഡ്യൂട്ടിക്കെത്തുന്നത്. ഈ സാഹചര്യത്തിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കാനാകാത്ത സ്ഥിതിയാണ്. ദിവസക്കൂലിക്കെത്തുന്ന ട്രാഫിക് വാർഡർമാരുടെ സേവനം ഫലപ്രദമാകുന്നില്ലെന്ന് പരാതിയുണ്ട്.

ഗതാഗതക്കുരുക്ക് മൂലം ആംബുലൻസുകൾ കുടുങ്ങുന്നതും വിമാനയാത്രക്കാർക്ക് സമയം വൈകുന്നതും പതിവാകുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കൻ കവാടമായ അങ്കമാലി വഴി കടന്നുപോകുന്ന വി.വി.ഐ.പികൾക്ക് സുരക്ഷയൊരുക്കി അതിർത്തി കടത്തിവിടേണ്ട അധിക ഉത്തരവാദിത്വവും അങ്കമാലി സ്റ്റേഷന്. വർഷങ്ങൾക്ക് മുൻപ് ട്രാഫിക് യൂണിറ്റ് ഉദ്ഘാടനം ചെയ്ത വേളയിൽ യൂണിറ്റിനെ സ്റ്റേഷനായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന അങ്കമാലിയിൽ അടിയന്തരമായി ട്രാഫിക് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തം.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റോഡുകൾ സന്ധിക്കുന്നതും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാന്നിദ്ധ്യവും അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ട്രാഫിക് പരിഷ്കാര നടപടികൾ വേഗത്തിലാക്കാൻ ട്രാഫിക് പോലീസ് സ്റ്റേഷൻ അനിവാര്യമാണ്. കാൽനൂറ്റാണ്ട് മുമ്പ് ആരംഭിച്ച ട്രാഫിക് യൂണിറ്റ് നിർജ്ജീവാവസ്ഥയിലാണ്. ബൈപാസും ഫ്‌ളൈ ഓവറും അടുത്തൊന്നും യാഥാർത്ഥ്യമാകില്ലെന്നിരിക്കെ, നിലവിലെ റോഡുകളുടെ പരമാവധി ഉപയോഗത്തിന് അടിയന്തര നടപടികൾ അനിവാര്യമാണ്

ജോർജ് സ്റ്റീഫൻ,

ജില്ലാ സെക്രട്ടറി

ആർ.എസ്.പി

കാലങ്ങളായുള്ള വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യമാണ് അങ്കമാലിക്ക് ഒരു ട്രാഫിക്ക് സ്റ്റേഷൻ എന്നത്. അങ്കമാലിയുടെ തീരാ ശാപമായ ട്രാഫിക് കുരുക്കിന് പരിഹാരം കാണുന്നതിന് പ്രാഥമിക നടപടി എന്ന നിലയിൽ ട്രാഫിക് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.

എൻ.വി. പോളച്ചൻ,

സെക്രട്ടറി,

കെ.വി.വി.ഇ.എസ്,

എറണാകളം ജില്ല