സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോ എന്നും സംശയം, ആശങ്ക ബലപ്പെടുത്തി പരിശോധനാ റിപ്പോർട്ട്

Monday 19 January 2026 7:05 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോ എന്ന് സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് വി.എസ്.എസ്.സിയുടെ പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണമെന്ന് കോടതി നിർ‌ദ്ദേശിച്ചു.

പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടതത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്.ഐ.ടിക്ക് അനുമതി നൽകിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും. എസ്.ഐ.ടിയുടെ പരിശോധന നാളെ സന്നിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വി.എസ്.എസ്.സിയുടെ പരിശോധന റിപ്പോർട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.