മണ്ണെണ്ണയും വെളുത്തുള്ളിയും ഉപയോഗിച്ചാല്‍ അണലിയും മൂര്‍ഖനും വരാതിരിക്കുമോ? വിഷപ്പാമ്പുകളുടെ ഈ പ്രത്യേകത അറിഞ്ഞിരിക്കണം

Monday 19 January 2026 8:22 PM IST

അടുത്തകാലത്തായി കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ നഗരങ്ങളില്‍ പോലും വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പാമ്പുകള്‍ വീട്ടിലേക്ക് വരാതിരിക്കാന്‍ പല മാര്‍ഗങ്ങളും നാം പ്രയോഗിക്കാറുണ്ട്. എന്നാല്‍ പരമ്പരാഗതമായി പറഞ്ഞ് കേട്ടതും നാം ചെയ്യുന്നതുമായ പല കാര്യങ്ങള്‍ക്കും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഉദാഹരണത്തിന് പണ്ട് കാലം മുതല്‍ തന്നെ കേള്‍ക്കുന്ന ഒന്നാണ് വീടിന് ചുറ്റും മണ്ണെണ്ണ ഒഴിച്ചാലോ അല്ലെങ്കില്‍ വെളുത്തുള്ളി ചതച്ച് വീടിന് ചുറ്റും ഇടുകയോ ചെയ്താല്‍ പാമ്പ് ആ പരിസരത്ത് പോലും വരില്ലെന്ന്. ഇത് പൂര്‍ണമായും തെറ്റാണ്. പാമ്പുകള്‍ക്ക് കേള്‍വിശക്തിയോ അല്ലെങ്കില്‍ ശ്വസിക്കാനുള്ള കഴിവോ ഇല്ല എന്നതാണ് വാസ്തവം. അവ നാക്കുകള്‍ പുറത്തേക്കിട്ടാണ് അന്തരീക്ഷത്തിലെ വ്യതിയാനങ്ങള്‍ പോലും മനസ്സിലാക്കുന്നതും ശത്രുവിന്റെയോ ഭക്ഷണത്തിന്റേയോ സാന്നിദ്ധ്യം തിരിച്ചറിയുന്നതും.

ആധുനിക കാലത്ത് പുതിയ ചില ഉത്പന്നങ്ങളും രംഗത്ത് ഇറങ്ങുന്നുണ്ട്. ചില കെമിക്കല്‍ പ്രോഡക്റ്റുകളാണ് പ്രധാനമായും ഇറങ്ങുന്നത്. ഇവയ്ക്കും പാമ്പിനെ തുരത്താനുള്ള കഴിവില്ല. മാത്രമല്ല ഇത്തരം രാസ ലായിനികള്‍ ഉപയോഗിക്കുന്നതിലൂടെ മറ്റ് ചെറിയ പ്രാണികള്‍ക്കും വീട്ടിലെ ചെറിയ കുട്ടികള്‍ക്കും പോലും അപകടം സംഭവിച്ചേക്കാം. ഇത്തരം തെറ്റായ പ്രവണതകള്‍ ശീലിക്കുന്നതിലൂടെ പാമ്പ് വരില്ലെന്ന് വിശ്വസിക്കുന്നത് അറിഞ്ഞുകൊണ്ട് അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതിന് തുല്യമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.