വല്യ കേരള കോൺഗ്രസ് ഞങ്ങൾ, പാലമിട്ടതും വലിച്ചതും മാണി ഗ്രൂപ്പ്
മോൻസ് ജോസഫ്
കേരള കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ
? യു.ഡി.എഫ് ശക്തമാണെന്നു പറഞ്ഞിട്ട് കേരളാ കോൺഗ്രസ്- എമ്മിനു പിറകേ നടക്കേണ്ടിവന്നത്...
യു.ഡി.എഫിലേക്ക് പാലമിട്ടതും പാലം വലിച്ചതും മാണി ഗ്രൂപ്പാണ്. എം.എൽഎമാർ രണ്ടു തട്ടിലായതോടെ പാർട്ടി പിളരുമെന്നു മനസിലാക്കി, ആ പ്രചാരണം അവസാനിപ്പിച്ചത് അവരാണ്. മാണി ഗ്രൂപ്പില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് ഭൂരിപക്ഷം സീറ്റും തൂത്തുവാരിയതോടെ അവരെ ആവശ്യമില്ലെന്നും യു.ഡി.എഫ് നേതാക്കൾ പിറകേ നടക്കേണ്ട കാര്യമില്ലെന്നും ആദ്യം മുതൽ പറഞ്ഞത് ഞങ്ങളാണ്.
? യു.ഡി.എഫ് പ്രവേശനം അവസാന നിമിഷം മാണി ഗ്രൂപ്പ് വേണ്ടെന്നുവച്ചതിൽ എന്തെങ്കിലും സമ്മർദ്ദം.
25 സെന്റ് സ്ഥലവും അഞ്ചു കോടി രൂപയും വച്ചുനീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി താക്കീത് ചെയ്തപ്പോൾ തീരുമാനം മാറ്റിയെന്നാണ് കേൾക്കുന്നത്.
? നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ സാദ്ധ്യത.
തിളക്കമാർന്ന വിജയം നേടും. യു.ഡി.എഫിന് മൊത്തം 41 സീറ്റേ കഴിഞ്ഞ തവണ ലഭിച്ചുള്ളൂ. 10 സീറ്റിൽ മത്സരിച്ച ഞങ്ങൾക്ക് രണ്ട് സീറ്റേ കിട്ടിയുള്ളൂ. പാർട്ടി പിളർന്ന സമയം ചിഹ്നം പ്രശ്നമായിരുന്നു. ഇപ്പോൾ ചിഹ്നമായി, പാർട്ടിക്ക് അംഗീകാരമായി. മാണി ഗ്രൂപ്പിന്റെ കൈവശമിരുന്ന കോട്ടയം ലോക്സഭാ സീറ്റിൽ 87,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫ്രാൻസിസ് ജോർജ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിലും 200 സീറ്റ് ഞങ്ങൾക്ക് കൂടുതൽ കിട്ടി. മദ്ധ്യകേരളത്തിൽ വലിയ ശക്തി ഞങ്ങളാണെന്ന് തെളിയിച്ചു.
? എത്ര സീറ്റിൽ മത്സരിക്കും.
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് നിർബന്ധമായും കിട്ടണം. പതിനൊന്ന് ആയാൽ സന്തോഷം.
?ചെയർമാൻ പി.ജെ. ജോസഫിന് ആരോഗ്യപ്രശ്നമുള്ളതിനാൽ മത്സരിക്കുമോ.
ഒരുആരോഗ്യ പ്രശ്നവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തോടെ ഇരട്ടി ഊർജത്തോടെയാണ് പ്രവർത്തനം.
? അപു ജോസഫ് മത്സരിക്കുമോ.
പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അപു നടത്തുന്നത്
? സമുദായ സംഘടനകൾക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരാമർശം എങ്ങനെ വിലയിരുത്തുന്നു.
എല്ലാവരാലും ആദരിക്കപ്പെടുന്ന സമുദായ നേതാക്കൾക്കെതിരെ പ്രതികരണം ഒഴിവാക്കപ്പെടേണ്ടതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം
? നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാദ്ധ്യത.
ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം റബർ, നെല്ല്, ക്ഷിര മേഖല ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകരെത്തി. വന്യജീവി ആക്രമണത്തിനെതിരെ ബില്ല് പാസാക്കി ഡൽഹിക്ക് അയച്ചതല്ലാതെ നടപടി ഉണ്ടായില്ല. കാരുണ്യ പദ്ധതി ഇല്ലാതാക്കി, ജെ.ബി കോശി റിപ്പോർട്ട് വെളിച്ചം കാണിക്കുന്നില്ല, പട്ടയ പ്രശ്നം നിലനിൽക്കുന്നു.