പത്താം ക്ലാസുകാരന്റെ കരവിരുതിൽ പിറന്നത് പത്ത് ഗിയറുള്ള ജീപ്പ്
കാളികാവ്: പഠനത്തോടൊപ്പം പരീക്ഷണവും പ്രവർത്തനവും. പത്താം ക്ലാസുകാരന്റെ കര വിരുതിൽ പിറന്നത് പത്ത് ഗിയറുള്ള കുഞ്ഞു ജീപ്പ്. കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കണ്ടറിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി എം.ശാദിനാണ് ഒരുവർഷത്തെ പരിശ്രമത്തിൽ കുഞ്ഞു ജിപ്പ് നിർമ്മിച്ചത്. ഇരുപതോളം വിവിധ വാഹനങ്ങളുടെ പാർട്സുകൾ ആക്രി കടകളിൽ നിന്ന് ശേഖരിച്ചാണ് ജീപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലക്കാട് -മലപ്പുറം ജില്ലകളിലെ പല പൊളി മാർക്കറ്റുകളിൽ നിന്നുമാണ് ഓരോ ഉപകരണവും ശേഖരിച്ചത്. ബജാജ് മോട്ടോർ സൈക്കിളിന്റെ എഞ്ചിനും ഓംനി വാനിന്റെയും നാനോ കാറിന്റെയും ഗിയർ ബോക്സും മറ്റു പാർട്സുമാണ് ജിപ്പിനുപയോഗിച്ചിട്ടുള്ളത്. ബൈക്കിന്റെ അഞ്ചു ഗിയറും ഓംനി വാനിന്റെ ഗിയർ ബോക്സും നാനോയുടെ ഷി്ര്രഫറുമാണ് ജീപ്പിൽ പ്രവർത്തിക്കുന്നത്.ബൈക്ക് എഞ്ചിനാണെങ്കിലും ചെയിനിനു പകരം നാനോയുടെ പ്രോപെല്ലർ ഷാഫ്റ്റാണ് ഉപയോഗിച്ചിട്ടുള്ളത്.
ബൈക്കിന്റെ ഗിയർ സിസ്റ്റത്തിന് വലിയ ഭാരം വഹിക്കാനാവില്ല എന്നതാണ് കാറിന്റെ ഗിയർ സിസ്റ്റം ഉപയോഗക്കേണ്ടി വന്നത്. ഇതുകാരണം രണ്ടു ഗിയർ ലിവറുകളും വണ്ടിയിലുണ്ട്. പെട്രോളിലാണ് എഞ്ചിൻ പ്രവർത്തിക്കുന്നത്. ജീപ്പിന്റെ നിർമ്മാണം ഒരുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇനി പെയിന്റിംഗ് ജോലിയും ചില്ലറ എക്സ്ട്രാ ഫിറ്റിംഗുകളും മാത്രമാണ് ബാക്കിയുള്ളത്. ജിപ്പിന്റെ നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകൽ മാത്രമാണ് പിതാവിന്റെ പങ്ക്.
വാഹനത്തിന്റെ രൂപ കൽപ്പനയും വെൽഡിംഗും ഫിറ്റിംഗും എല്ലാം ശാദിന്റെ കുഞ്ഞു ബുദ്ധിയിലാണ് രൂപമെടുത്തത്. അഞ്ചാം ക്ലാസ്സു മുതൽ തന്നെ വിവിധ കരകൗശല വസ്തുക്കൽ നിർമ്മിക്കുന്നതിൽ ശാദിൻ മിടുക്കനായിരുന്നു . പിന്നീട് പല ഇലക്ട്രിക് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും പൊളിച്ച് പരിശോധിക്കുകയും പുനർ നിർമ്മിക്കുകയും ചെയ്യുകയും ചെയ്തിരുന്ന ശാദിന് വീട്ടുകാരുടെ ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്. മകന്റെ താൽപ്പര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ പിതാവ് ജീപ്പ് നിർമ്മാണത്തിനവശ്യമായ വെൽഡിംഗ് മെഷീനും മറ്റു നിർമ്മാണ ഉപകരണങ്ങളും വാങ്ങിക്കൊടുത്തു.
അലൂമിനിയം ഇന്റീരിയൽ വർക്ക് തൊഴിലാളിയായ കാളികാവ് പള്ളശ്ശേരിയിലെ മുള്ളൻ സഫീർ-ആരിഫ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ശാദിൻ.