തിരഞ്ഞെടുപ്പ് ചൂടിൽ കുടുംബശ്രീ

Tuesday 20 January 2026 12:46 AM IST

മലപ്പുറം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി. ജില്ലയിലെ 111 സി.ഡി.എസുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അയൽക്കൂട്ട അദ്ധ്യക്ഷ തിരഞ്ഞെടപ്പോടെ നടപടികൾക്ക് ഔദ്യോഗിക തുടക്കമായി. അയൽക്കൂട്ടം മുതൽ സി.ഡി.എസ് വരെയുള്ള സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ നേതൃനിരയെ വാർത്തെടുക്കുന്നതിനുമായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കുന്നത്.

സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് വായ്പാ കുടിശ്ശികയില്ലാത്തവരായിരിക്കണം. കുടുംബശ്രീയിൽ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സി.ഇ.എഫ് പോലെ സി.ഡി.എസിൽ നിന്ന് നൽകുന്ന വായ്പകളിന്മേൽ കുടിശ്ശികയുള്ളവരോ കുടുംബശ്രീയിൽ നിന്ന് നിലവിൽ പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവർക്കും ഇത്തവണ മത്സരിക്കാനാവില്ല.

രണ്ട് ടേം മാത്രം

ഒരാൾക്ക് രണ്ടു തവണ മാത്രമേ സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവാദമുണ്ടാകൂ. ഈമാസം 22 മുതൽ 28 വരെ അയൽക്കൂട്ട അദ്ധ്യക്ഷന്മാർക്കുള്ള പരിശീലനവും ജനുവരി 30 മുതൽ ഫെബ്രുവരി മൂന്നു വരെ അയൽക്കൂട്ട തിരഞ്ഞെടുപ്പും നടക്കും. തുടർന്ന് ഫെബ്രുവരി ഏഴു മുതൽ 11 വരെ എ.ഡി.എസ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫെബ്രുവരി 20ന് സി.ഡി.എസ് തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതികൾ ചുമതലയേൽക്കും.