ശബരിമല സ്വർണക്കൊള്ള: കൊടിമരം മാറ്റിസ്ഥാപിച്ചതിലും അന്വേഷണം, നാളെ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന
കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്വർണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എസ്.ഐ.ടിക്ക് നിർദ്ദേശം നൽകിയത്. നാല് സർക്കാരുകളുടെ കാലത്തെ ബോർഡുകളുടെ കാലത്തെ ഇടപാടുകൾ എസ്.ഐ.ടി പരിശോധിക്കും.
1998ൽ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിലും 2017ൽ കൊടിമരം മാറ്റിസ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. പത്ത് കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ വിഗ്രഹത്തെ കുറിച്ച് അന്വേഷിക്കണം കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക് പാലകരുടെ ശില്പങ്ങൾ കണ്ടെത്തണം. 2019ൽ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയ സംഭവം, 2019ൽ വീണ്ടും സ്വർണം പൂശാൻ കൊണ്ടുപോയതും 2024,25 കാലത്തെ ഇടപാടുകൾ എന്നിവയുൾപ്പെടെ പരിശോധിക്കണം എന്നും കോടതി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. ശബരിമലയിൽ വിശദ പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു. ഇതിനായി നാളെ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തേക്ക് തിരിക്കും. ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.