ഫീഡർ ബസുകൾ അടിപൊളി, ഒരു വർഷം 14 ലക്ഷം യാത്രക്കാർ

Tuesday 20 January 2026 12:13 AM IST

കൊച്ചി: 14 ലക്ഷം യാത്രക്കാരുമായി ഒന്നാം പിറന്നാൾ ആഘോഷിച്ച് മെട്രോ ഫീഡർ ബസ് സർവീസായ മെട്രോ കണക്ട്. യാത്രക്കാരിലും വരുമാനത്തിലുമുണ്ടായ 15 ശതമാനം വളർച്ച ആഘോഷത്തിന്റെ മാറ്റുകൂട്ടി. 2025 ജനുവരി 15നായിരുന്നു ഉദ്ഘാടനം. മെട്രോ റെയിൽ വാട്ടർ മെട്രോ കണക്ടിവിറ്റി ഗ്യാപ് നികത്തുകയായിരുന്നു ഫീഡർ സർവീസിന്റെ ലക്ഷ്യം.

ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിൽ സർവീസ് ആരംഭിച്ചു. പിന്നീട് 15 ഇലക്ട്രിക് ബസുകളായി ഉയർന്നു. ഏഴ് ചാർജിംഗ് യൂണിറ്റും ഒരു ഡിപ്പോയുമടക്കം ഫീഡർ ബസ് സർവീസ് വളർന്നു. ആലുവ-സിയാൽ എയർപോർട്ട് റൂട്ട് ഹിറ്റായി. മെഡിക്കൽ കോളേജ്-കടവന്ത്ര–പനമ്പിള്ളി നഗർ, ഹൈക്കോടതി സർക്കുലർ റൂട്ടുകളും മികച്ച പ്രതികരണം നേടി.

രണ്ടാം വർഷത്തിൽ, ലൈവ് ജനറൽ ട്രാൻസിറ്റ് ഫീഡ് സ്പെസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള റിയൽടൈം വാഹന ട്രാക്കിംഗ് സംവിധാനം നടപ്പാക്കാനാണ് പദ്ധതി. ഇതിലൂടെ യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരം ലഭിക്കും. ലൈവ് ന്യൂസോടുകൂടിയ ഇൻവെഹിക്കിൾ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഉടൻ അവതരിപ്പിക്കും. കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയോടൊപ്പം ഇലക്ട്രിക് ഫീഡർ നെറ്റ്‌വർക്കും കൂടുതൽ ശക്തിപ്പെടുത്തും.

കൊച്ചി മെട്രോ റെയിലിന്റെയും വാട്ടർ മെട്രോയുടെയും യാത്രക്കാരുടെയും വരുമാനത്തിന്റെയും വർദ്ധനവിൽ ഫീഡർ സർവീസ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോക്‌നാഥ് ബെഹ്റ മാനേജിംഗ് ഡയറക്ടർ കെ.എം.ആർ.എൽ