വീട്ടമ്മയുടെ എട്ട് പവന്റെ മാല സ്കൂട്ടർ യാത്രക്കാർ കവർന്നു
പറവൂർ: സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം വീടിന് സമീപത്തുവച്ച് വീട്ടമ്മയുടെ എട്ട് പവന്റെ മാല കവർന്നു. പെരുവാരം കാടാശേരി ഉഷ നരേന്ദ്രന്റെ (64) മാലയാണ് നഷ്ടമായത്. ഇന്നലെ വൈകിട്ട് നാലിന് പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിലാണ് സംഭവം. വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ നീലനിറമുള്ള സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയവരിൽ പിന്നിലിരുന്നയാൾ സ്കൂട്ടറിൽനിന്ന് ഇറങ്ങി. മറ്റേയാൾ സ്കൂട്ടർഅല്പം മാറ്റിനിറുത്തി. സ്കൂട്ടറിൽ നിന്നിറങ്ങിയ ആൾ ബലമായി മാലപൊട്ടിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ഉഷ റോഡിൽ വീണു. ഈ സമയം സ്കൂട്ടർഓടിച്ചയാൾ മാല പൊട്ടിച്ചെടുത്തയാളെ കയറ്റി രക്ഷപെട്ടു. ഉഷയുടെ ബഹളംകേട്ട് സമീപവാസി വീട്ടിൽനിന്ന് ഇറങ്ങി വന്നപ്പോഴേക്കും സ്കൂട്ടർ യാത്രക്കാർ ഞാറക്കാട്ട് റോഡിൽനിന്ന് വടക്കോട്ടുള്ള റോഡിലേക്ക് കടന്നുകളഞ്ഞു. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ ഉഷ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സതേടി. പരാതി നൽകിയതിനെ തുടർന്ന് പറവൂർ പൊലീസെത്തി പരിശോധന നടത്തി. ഉഷയുടെ ഭർത്താവ് വിദേശത്താണ്. ഉഷ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നഗരത്തിൽവച്ച് ഉഷയെ നിരീക്ഷിച്ച സംഘം പിന്തുടർന്നെത്തിയാണ് മാലപൊട്ടിച്ചതെന്ന് നിഗമനം. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.