സ്കൂൾ വിദ്യാർത്ഥിനിയെ വാഹനമിടിച്ച സംഭവം: വനിതാഡ്രൈവറെ ചോദ്യംചെയ്തു
കൊച്ചി: സ്കൂൾവിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിനി വാഹനംതട്ടി റോഡിലേക്ക് തെറിച്ചുവീണത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ വാഹനത്തിന്റെ ഡോർ പെട്ടെന്ന് തുറന്നപ്പോഴെന്ന് സൂചന. വിദ്യാർത്ഥിനി വീണഭാഗത്ത് റോഡരികിൽ പാർക്കുചെയ്ത സ്കൂൾ വാഹനത്തിന്റെ വനിതാഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്തു. അപകടമുണ്ടായത് ഡോർ തുറന്നപ്പോഴാണെന്ന് വനിതാഡ്രൈവർ സമ്മതിച്ചെങ്കിലും കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തി സ്ഥിരീകരിക്കാൻ പൊലീസ് തീരുമാനിച്ചു.
അപകടം നടക്കുമ്പോൾ ഇതുവഴി ചീറിപ്പാഞ്ഞ് കടന്നുപോയ കാർ ഡ്രൈവറായ ബിസിനസുകാരൻ ഇന്നലെ രാവിലെ എളമക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായി. ബിസിനസുകാരൻ ഓടിച്ച കറുത്ത നിറമുള്ള കാറാണ് സൈക്കിളിൽ ഇടിച്ചതെന്ന അനുമാനത്തിലായിരുന്നു പൊലീസ്. കാർ സൈക്കിളിൽ ഇടിച്ചിട്ടില്ലെന്ന ഉറച്ച നിലപാടാണ് ബിസിനസുകാരൻ തുടക്കംമുതൽ സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തി സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായ സ്ത്രീയെ ചോദ്യംചെയ്തത്. അപകടമുണ്ടായതിന് സമീപത്തെ വീട്ടിലെ സി.സി ടിവി ക്യാമറയിൽനിന്ന് സ്കൂൾ വാഹനത്തിന്റെ വാതിൽതുറക്കുന്ന വിദൂരദൃശ്യം പൊലീസിന് ലഭിച്ചത് ഇന്നലെയാണ്.
ബിസിനസുകാരന്റെ കാറും സ്ത്രീ ഓടിക്കുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു വാഹനങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഡോർതട്ടി വിദ്യാർത്ഥിനി തെറിച്ചു വീഴുന്നതിനിടെ സൈക്കിളിൽ കാർ ഉരസിയതായി പൊലീസ് സംശയിക്കുന്നു. ഇതിനാലാണ് രണ്ട് വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എളമക്കര ഭവൻസ് വിദ്യാഭവനിലെ പതിനൊന്നാംക്ലാസ് വിദ്യാർത്ഥിനി ദീക്ഷിതയെ (16) മുറിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണംചെയ്തെങ്കിലും ഒരാഴ്ചകൂടി ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശം. കഴിഞ്ഞ രണ്ടുദിവസമായി എളമക്കര പൊലീസ് വിദ്യാർത്ഥിനിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അപകടത്തെക്കുറിച്ച് ഓർമ്മയില്ലെന്നാണ് കുട്ടിയുടെ മൊഴി. 15ന് വൈകിട്ടാണ് സംഭവം.