ചെലവ് കുത്തനെ കൂടി, യുവാക്കള്‍ക്കിടയിലെ ട്രെന്‍ഡ് മാറുന്നു; പകരം സംവിധാനവും റെഡി
ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുകയെന്നത് കേരളത്തിലെ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ശീലമാണ്. വിദേശ വിദ്യാഭ്യാസത്തിന് പോകാന്‍ കൂടുതല്‍പ്പേരും താത്പര്യപ്പെടുന്നത് അമേരിക്ക, യുകെ പോലുള്ള രാജ്യങ്ങളിലേക്ക് ആണ്. എന്നാല്‍ ഈ രാജ്യങ്ങളില്‍ വിദ്യാഭ്യാസ ചെലവുകള്‍ കുത്തനെ കൂടിയതോടെ നീക്കം ഉപേക്ഷിക്കുകയാണ് നിരവധി യുവാക്കള്‍. വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നത് തന്നെയാണ് കാരണം.
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് വിദ്യാഭ്യാസ വായ്പയെടുത്തും മറ്റും വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരെ സാരമായി ബാധിക്കുന്നു. ട്യൂഷന്‍ ഫീസിനത്തിലും താമസച്ചെലവിനത്തിലും മുന്‍പ് കണക്കാക്കിയതിനേക്കാള്‍ വലിയൊരു തുക അധികമായി കണ്ടെത്തേണ്ടതായും വരുന്നു. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളെയാണ് ഈ പ്രതിസന്ധി കൂടുതലായും ബാധിച്ചിരിക്കുന്നത്.
യു.കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വിസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതും വിദേശ വിദ്യാഭ്യാസമെന്ന മോഹത്തിന് വലിയ തിരിച്ചടിയാണ്. കാനഡയില്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തിടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതും തിരിച്ചടിയായി. കൂടുതല്‍ യുവാക്കള്‍ എത്തിയിരുന്ന രാജ്യങ്ങലില്‍ ചെലവ് കൂടിയതോടെ പകരം സംവിധാനവും ശക്തമായിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളും താരതമേന്യ ചെലവ് കുറഞ്ഞതുമായ ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യുവാക്കളുടെ വരവ് കൂടിയിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യയിലെ ഉന്നത സര്‍വകലാശാലയിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.