വടിവാളുമായി എം.ഡി.എം.എ വില്പന; യുവാവിനെ വലയിലാക്കി പൊലീസ്

Tuesday 20 January 2026 1:11 AM IST

കൊച്ചി: പിടിക്കപ്പെട്ടാൽ ആക്രമിച്ച് രക്ഷപ്പെടാനായി യാത്രയ്‌ക്കൊപ്പം വടിവാളും കരുതുന്ന എം.ഡി.എം.എ വില്പനക്കാരൻ ഒടുവിൽ പൊലീസിന്റെ വലയിലായി. ഒപ്പമുണ്ടായിരുന്ന യുവതിയടക്കം മൂന്നുപേരിലേക്കും അന്വേഷണം. മൂവാറ്റുപുഴ പെരുമറ്റം പുതിയനാനിക്കൽ വീട്ടിൽ ബി. സുബിനെ (26) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഏഴോടെ കുന്നംപുറം ചാലാക്കര ബൈലൈൻ റോഡിന് സമീപത്തെ ഹോട്ടലിലെ മുറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മാസങ്ങളായി പൊലീസ് ഇയാൾക്ക് പിന്നാലെയായിരുന്നു. എം.ഡി.എം.എ ഉപയോഗിച്ചതിനും വടിവാൾ കൈവശം വച്ചതിനുള്ള വകുപ്പും ചുമത്തിയാണ് അറസ്റ്റ്. മാരകായുധവുമായി സുബിൻ ഹോട്ടൽ മുറിയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ഏഴോടെ ഹോട്ടലിലെത്തി. ഈ സമയം എം.ഡി.എം.എ ഉപയോഗിച്ച നിലയിലായിരുന്നു സുബിൻ. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയും ആലപ്പുഴക്കാരായ രണ്ട് യുവാക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. പരിശോധനയിൽ എം.ഡി.എം.എ സൂക്ഷിച്ച കവറും ശേഷിച്ച തരികളും കണ്ടെത്തി. ചോദ്യംചെയ്യലിലാണ് കാറിന്റെ ഡിക്കിയിൽ വടിവാൾ സൂക്ഷിച്ചിട്ടുണ്ടെന്ന് സുബിൻ വെളിപ്പെടുത്തിയത്.

തൃക്കാക്കര പ്രിൻസിപ്പൽ എസ്.ഐ അനസ് വി.ബി, എസ്.ഐമാരായ സഫൽ മജീദ്, മണി, സി.പി.ഒമാരായ വിജു സേവ്യർ, സജൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

സുഹൃത്തുക്കളെ വിളിപ്പിക്കും

അരമീറ്ററിലധികം നീളമുള്ള മൂർച്ചയേറിയ വടിവാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് വടിവാൾ എവിടെനിന്ന് ലഭിച്ചു, ഇതുപയോഗിച്ച് ആക്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഉപയോഗം കണ്ടെത്താത്തതിനെ തുടർന്ന് വിട്ടയച്ച യുവതിയേയും രണ്ട് യുവാക്കളെയും നോട്ടീസ് നൽകി വിളിപ്പിക്കും. സുബിന്റെ സുഹൃത്തുക്കളാണെന്നും കാണാൻ വന്നതാണെന്നുമായിരുന്നു ഇവരുടെ മൊഴി. എന്നാൽ ലഹരിയിടപാട് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൂവരെയും ചോദ്യംചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.