കാണാം സ്റ്റാമ്പുകളുടെ അത്ഭുതലോകം
Tuesday 20 January 2026 2:15 AM IST
കേരാപെക്സ് സ്റ്റാമ്പ് പ്രദർശനത്തിന് ഇന്ന് തുടക്കം
കൊച്ചി: തപാൽവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ഫിലാറ്റലിക് എക്സിബിഷൻ കേരാപെക്സിന് ഇന്ന് ടൗൺഹാളിൽ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വ ശേഖരങ്ങൾ ഉൾക്കൊള്ളുന്ന 504 ഫ്രെയിമുകളാണ് ഇക്കുറി പ്രദർശനത്തിലുള്ളത്. ഇതാദ്യമായാണ് ഇത്രയും അധികം ഫ്രെയിമുകൾ കേരാപെക്സിനെത്തുന്നത്. പ്രദർശനം 23ന് സമാപിക്കും. രാവിലെ 10 മുതൽ 5 വരെയാണ് പ്രവേശനം.
കൊച്ചി വാട്ടർ മെട്രോയെ ആദരിക്കുന്ന സ്പെഷ്യൽ പോസ്റ്റൽ കവറും ലക്ഷദ്വീപിന്റെ സമുദ്ര ജൈവവൈവിദ്ധ്യം പ്രമേയമാക്കിയ പിക്ചർ പോസ്റ്റ്കാർഡും ചടങ്ങിൽ പ്രകാശനം ചെയ്യും.
ഇന്ന് രാവിലെ 10ന് തപാൽ വകുപ്പ് ഡയറക്ടർ ജനറൽ ജിതേന്ദ്ര ഗുപ്ത പ്രദർശനം ഉദ്ഘാടനം ചെയ്യും. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ജെ. ടി. വെങ്കിടേശ്വരലു അദ്ധ്യക്ഷത വഹിക്കും.