കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്‌​സ് ​കൊച്ചിയോട് യാ​ത്ര​പ​റ​യു​ന്നു ബൈ ബൈ കൊച്ചി

Tuesday 20 January 2026 1:19 AM IST

കൊച്ചി: അനിശ്ചിതത്വങ്ങൾക്ക് വിട. കൊച്ചിയോട് കേരള ബ്ലാസ്റ്റേഴ്‌സ് യാത്രപറയുന്നു. വരാനിരിക്കുന്ന ഐ.എസ്.എൽ. സീസണിൽ മഞ്ഞപ്പട കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാകും പന്തുതട്ടുക. ഹോം ഗ്രൗണ്ട് മാറ്റം ഏറെക്കുറെ അന്തിമമായി. നിലവിൽ ക്ലബ്ബ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഉയർന്ന വാടകയുമാണ് വേദിമാറ്റത്തിന് പിന്നിൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് വാടക കുറവാണ്.

കോഴിക്കോടിനൊപ്പം മലപ്പുറം പയ്യനാട്ടെ സ്റ്റേഡിയവും പരിഗണിച്ചിരുന്നു. എന്നാൽ ഏവർക്കും എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണ് കോഴിക്കോട് തിരഞ്ഞെടുത്തത്. സൂപ്പർക്രോസ് റേസിംഗ് ലീഗിന് വിട്ടുനൽകിയ ശേഷം ഭാഗികമായി തകർന്ന നിലയിലാണ് കോർപ്പറേഷൻ സ്റ്റേഡിയം. ഇത് ഒരു മാസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കാമെന്ന് സൂപ്പർക്രോസ് റേസിംഗ് സംഘാടകർ കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. റേസിംഗ് ലീഗിനായി പലകയിട്ട് അതിനുമുകളിൽ ലോഡുകണക്കിന് മണ്ണിടുകയാണ് ചെയ്തത്. ഇതിനായി ടിപ്പർ ലോറി എത്തിയതോടെ മൈതാനം അമർന്നു. അതോടെയാണ് മൈതാനത്തിന്റെ രൂപഘടനയ്ക്ക് മാറ്റം വന്നതും പുല്ല് ഉണങ്ങി നശിച്ചതും. ഇനി പുല്ല് മാറ്റി അതിനുമുകളിൽ മണ്ണും പൂഴിയുമൊക്കെ ചേർത്ത് മൈതാനം നിരപ്പാക്കണം.

അതിനുമുകളിൽ പുല്ല് വളർന്നാൽ മാത്രമേ പഴയപടിയാകൂ. ഫെബ്രുവരി 14നാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ ആരംഭിക്കാൻ 10 ദിവസത്തെ സാവകാശം കൂടി നൽകണമെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷനോട് ക്ലബ്ബ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെയും സൂപ്പർ ലീഗിൽ കലിക്കറ്റ് എഫ്.സിയുടെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം. ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഇതുവരെയും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിലെ കലൂർ സ്റ്റേഡിയമായിരുന്നു.

7 ഹോം മാച്ച്

പുതിയ സീസണിൽ ഒരു ടീമിന് ഏഴ് ഹോംമാച്ച് എന്ന രീതിയിലാണ് ഫിക്സചർ ഒരുങ്ങുന്നത്. ആറ് എവേ മത്സരങ്ങളും കാണും.14 ക്ലബുകളും ലീഗിൽ പങ്കെടുക്കും. സ്വന്തം തട്ടകത്തിലും എതിർത്തട്ടകത്തിലുമായി 91 മത്സരങ്ങളുണ്ടാകും. ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകളിൽ നിന്ന് പല വിദേശതാരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യൻ താരങ്ങളാകും കൂടുതൽ.

ബ്ലാസ്റ്റേഴ്‌സിന് പുതിയ അസോ. പാർട്ണർ

പ്രമുഖ സ്റ്റീൽ നിർമ്മാതാക്കളായ സൂര്യദേവ് ടി.എം.ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസോസിയേറ്റ് പാർട്ണറാകും. നിർമ്മാണ മേഖലയിലെ മുൻനിരക്കാരായ സൂര്യദേവും ഫുട്ബാൾ ആവേശമായ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള തന്ത്രപരമായ സഹകരണമാണിത്. സൂര്യദേവ് ടി.എം.ടിയെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ അഭിക് ചാറ്റർജി പറഞ്ഞു.