ആവേശം പകർന്ന് മഹാപഞ്ചായത്ത്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് കോൺഗ്രസിന് പുത്തനുണർവായി. രാഹുൽ ഗാന്ധിയും ദേശീയ, സംസ്ഥാന നേതാക്കളും അണിനിരന്ന ചടങ്ങ് ഐക്യത്തിന്റെ വിളംബരവുമായി. തദ്ദേശ സ്ഥാപനങ്ങളിൽ വിജയിച്ച 7,818 പേരും പരാജയപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തു.
മറൈൻഡ്രൈവിൽ ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. ഉച്ചയോടെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനപ്രതിനിധികളും നേതാക്കളും എത്തിച്ചേർന്നു. മൂന്നിന് രാഹുൽ ഗാന്ധി എത്തിയപ്പോഴേയ്‌ക്കും വേദിയിൽ നേതാക്കളും പന്തൽ നിറയെ പ്രവർത്തകരും നിറഞ്ഞിരുന്നു. നേതാക്കളായ എം.എം. ഹസൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ഷാനിമോൾ ഉസ്‌മാൻ, ശശി തരൂർ എന്നിവർ രാഹുൽ ഗാന്ധി വരുന്നതിന് മുമ്പ് സംസാരിച്ചു.
ദേശീയ ഭാരവാഹികളായ കെ.സി. വേണുഗോപാൽ, സച്ചിൻ പൈലറ്റ്, ദീപാദാസ് മുൻഷി, ശശി തരൂർ, രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, കെ. സുധാകരൻ, സി.പി.എമ്മിൽ നിന്ന് കോൺഗ്രസിൽ ചേർന്ന അയിഷ പോറ്റി തുടങ്ങി നേതാക്കളുടെ വൻനിരയാണ് പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്വാഗതവും മാത്യു കുഴൽനാടൻ എം.എൽ.എ നന്ദിയും പറഞ്ഞു.
കൈയടി വി.ഡി. സതീശന്
വേദിയിലെത്തിയപ്പോഴും പ്രസംഗിച്ചപ്പോഴും ഏറ്റവുമധികം കൈയടിയും ആരവവും നേടിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ സതീശന് മുദ്രാവാക്യം വിളിച്ചും കൈയടിച്ചുമാണ് പ്രവർത്തകർ സ്വീകരിച്ചത്. പ്രസംഗത്തിനിടയിലും തീർന്നപ്പോഴും വലിയ ആരവത്തോടൊണ് പ്രവർത്തകർ പ്രതികരിച്ചത്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും വലിയ പിന്തുണയാണ് ലഭിച്ചത്.
സി.പി.എം തീപ്പന്തം എറിയുന്നു: സതീശൻ
തീപ്പൊരി വീണാൽ ആളിപ്പടരാവുന്ന വർഗീയതയ്‌ക്ക് തീപ്പന്തം എറിയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും യു.ഡി.എഫും കോൺഗ്രസും തടയും. സാമുദായിക സൗഹാർദ്ദം പുലരുന്ന കേരളത്തിന്റെ പൈതൃകം കാത്തുസുക്ഷിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് മഹായുദ്ധമാണ്. വീറുറ്റ പോരാട്ടത്തിന് ടീം യു.ഡി.എഫ് മുന്നിലുണ്ടാകും. യു.ഡി.എഫിന്റെ തിരിച്ചുവരവിന് കേരളജനത കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.