അത്യാധുനിക നൈപുണ്യ വികസനത്തിന് തുടക്കമായി

Tuesday 20 January 2026 12:24 AM IST

എൻ.എസ്.എ- പി.ഡി.ഇ.യു- അസാപ് ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം:നൈപുണ്യ വികസന രംഗത്ത് നിർണ്ണായകമായ ചുവടുവെയ്പുമായി നാഷണൽ സ്കിൽ അക്കാദമി (എൻ.എസ് .എ ), ഗുജറാത്ത് ആസ്ഥാനമായുള്ള പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി (പി.ഡി.ഇ.യു ), അസാപ്പ് കേരള (അസാപ്പ് ) എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കൊച്ചി കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അത്യാധുനിക പരിശീലന പരിപാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സഹകരണം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സാന്നിദ്ധ്യത്തിൽ അസാപ്പ് സി.എം.ഡി ഉഷ ടൈറ്റസ്, പണ്ഡിറ്റ് ദീനദയാൽ സർവ്വകലാശാല വി.സി പ്രൊഫ.ഡോ. എസ് സുന്ദർ മനോഹർ, നാഷണൽ സ്കിൽ അക്കാദമി ചെയർമാൻ ഡോ.എം.വി ചന്ദ്രൻ, നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ ഫ്ലെമി എബ്രഹാം, നാഷണൽ സ്കിൽ അക്കാദമി മാനേജിംഗ് ഡയറക്ടർ ജോസ് മാത്യൂ എന്നിവർ ചേർന്നാണ് ധാരണാപത്രം കൈമാറിയത്. മുൻ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എന്നിവർ സന്നിഹിതരായിരുന്നു. സെമികണ്ടക്റ്റർ ടെക്നോളജീസ്, ബയോമെഡിക്കൽ സർവീസസ്, പുനരുപയോഗ ഊർജ്ജം എന്നീ സുപ്രധാന മേഖലകളിൽ ഉന്നത നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.