രാത്രി വീടിന് തീപിടിച്ചു: യുവാവിന് രക്ഷകരായി അയൽവാസികൾ
കൊച്ചി: എളങ്കുന്നപ്പുഴയിൽ അർദ്ധരാത്രി തീപിടിത്തത്തിൽ വീടിനകത്ത് കുടുങ്ങിപ്പോയ യുവാവിന് രക്ഷകരായി അയൽവാസികൾ. ശക്തമായ പുകയിൽ ശ്വാസം മുട്ടി മുറിയിൽ കുടുങ്ങിയ യുവാവിനെ വീടിന്റെ ജനാലച്ചില്ലുകൾ തകർത്ത് രക്ഷപ്പെടുത്തിയത് നാട്ടുകാർ.
എളങ്കുന്നപ്പുഴ ലേഡി ഒഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് സമീപം മില്ലുവഴി പാലിയത്തൈയിൽ മാർട്ടിന്റെ വീടിനാണ് രാത്രി രണ്ടരയോടെ തീപിടിച്ചത്. മാർട്ടിന്റെ കപ്പലിൽ ജോലി ചെയ്യുന്ന മകൻ റിച്ചാർഡ് മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മുൻവശത്തെ ഹാളിനോട് ചേർന്നുള്ള മുറിക്കാണ് തീപിടിച്ചത്. തൊട്ടുചേർന്ന് മറ്റൊരു മുറിയിൽ ഉറങ്ങിക്കിടന്ന റിച്ചാർഡ് തീപടർന്നത് അറിഞ്ഞില്ല.
പുകയും തീയും കണ്ട് ഓടിയെത്തിയ അയൽവാസികൾ യുവാവ് കിടക്കുന്ന മുറിയുടെ ജനാലയിൽ തട്ടി ശബ്ദമുണ്ടാക്കി. റിച്ചാർഡ് എഴുന്നേറ്റെങ്കിലും പുക നിറഞ്ഞ് ശ്വാസംമുട്ടിയതിനാൽ മുന്നോട്ട് നീങ്ങാനായില്ല. തുടർന്നാണ് നാട്ടുകാർ ജനാലച്ചില്ലുകൾ തകർത്തത്. ശ്വാസം മുട്ട് മാറിയ റിച്ചാർഡ് വാതിൽ തുറന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു.
എറണാകുളം ക്ലബ്ബ്റോഡിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോൾ മുറിയുടെ ജനാലകളും വാതിലുമുൾപ്പെടെ കത്തുകയായിരുന്നു. മുക്കാൽ മണിക്കൂറെടുത്ത് നിയന്ത്രണവിധേയമാക്കി. വീടിന്റെ മറ്റുഭാഗങ്ങളിലേക്ക് പടർന്നില്ല. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. ക്ലബ്ബ്റോഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി.എസ്. സാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.