വിധിയെ തോല്പിച്ച് പാർവതി മുന്നോട്ട്

Tuesday 20 January 2026 12:27 AM IST

വിധി മാറ്റിയെഴുതിയാണ് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ സിവിൽ സർവീസ് എന്ന സ്വപ്നത്തിലെത്തിയത്.ആരും പതറിപ്പോകുന്ന സാഹചര്യത്തിൽ നിന്ന് നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതം വീണ്ടെടുത്ത പാർവതിക്ക് മുന്നിൽ പ്രതിസന്ധികൾ വെല്ലുവിളിയായില്ല.

2010ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാർവതി ഗോപകുമാറിന്റെ ജീവിതം മാറിമറിഞ്ഞത്. അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടം വലംകൈ കവർന്നെടുത്തു. കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ തെറിച്ചുവീണ പാർവതിയുടെ വലംകൈയിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങുകയായിരുന്നു.

പഠിക്കാൻ മിടുക്കിയായിരുന്ന പാർവതിയെ അപകടം ആകെ ഉലച്ചു.പക്ഷേ,തോറ്റുകൊടുക്കാൻ അവൾ തയ്യാറായില്ല. മുറിവുണങ്ങും മുമ്പ്, മുട്ടിനു താഴെമുറിച്ചുമാറ്റിയ വലംകൈയ്യുമായി ഏഴാംക്ലാസ് വാർഷിക പരീക്ഷയെഴുതാനെത്തി. ഒരു വർഷത്തെ കഠിനാദ്ധ്വാനത്തിനൊടുവിൽ ഇടംകൈയ്യാൽ വടിവൊത്ത അക്ഷരമെഴുതി തുടങ്ങി. ഒമ്പതാം ക്ളാസിൽ ഹോസ്റ്റലിലേക്ക് മാറിയതോടെ ഒറ്റക്കൈ കൊണ്ട് സ്വന്തം കാര്യങ്ങൾ നോക്കാൻ പഠിച്ചു. പത്താം ക്ലാസിൽ കണക്കിനൊഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു.തുടർന്ന് അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹ്യുമാനിറ്റീസ് പ്ലസ് ടുവിന് ഫുൾ മാർക്കോടെ പാസായി.

എൽഎൽ.ബി എന്ന സ്വപ്നത്തിലേക്കായി പിന്നെ. കുസാറ്റ് എൽഎൽ.ബി എൻട്രൻസിൽ ഒന്നാം റാങ്കും ക്ലാറ്റ് എൻട്രൻസിൽ 200-ാം റാങ്കും സ്വന്തമാക്കി. ബംഗളൂരു നാഷണർ ലാ സ്കൂളിൽ നിന്ന് 2021ൽ നിയമബിരുദം നേടി. ആലപ്പുഴ സബ് കളക്ടറായ കൃഷ്ണതേജയാണ് ഐ.എ.എസ് മോഹം പകർന്നത്. 2022ൽ ആദ്യശ്രമത്തിൽ പ്രിലിമിനറി പരീക്ഷയിൽ തോറ്റു. രണ്ടാം ശ്രമം തുണച്ചു. 282 -ാം റാങ്കോടെ കേരള കേഡറിൽ ഐ.എ.എസ് ലഭിച്ചു. 2024 ബാച്ച് ഐ.എ.എസ് ട്രെയിനികളിൽ കേരള കേഡറിലേക്ക് നിയോഗിച്ച അഞ്ചുപേരിൽ ഏക മലയാളിയാണ് പാർവതി.

 താങ്ങായി മാതാപിതാക്കൾ

മാതാപിതാക്കളായ ആലപ്പുഴ കളക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്.ഗോപകുമാറും അദ്ധ്യാപിക ശ്രീകല എസ്.നായരും മകളുടെ സ്വപ്നങ്ങൾക്കൊപ്പം എന്നും കൂടെനിന്നു. സഹോദരി രേവതി ഗോപകുമാറും പിന്തുണയേകി.

 ഇനിയും പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ പുതിയ ജോലി മനസിലാക്കുന്ന തിരക്കിലാണ്. പഠനം ഇഷ്ടവുമാണ്.

- പാർവതി ഗോപകുമാർ,

അസി. കളക്ടർ, എറണാകുളം