ജീവനോടെ ഗോപിനാഥനെത്തി; മാപ്പു പറഞ്ഞ് പഞ്ചായത്ത്
Tuesday 20 January 2026 1:32 AM IST
പ്രമാടം: മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്തിന്റെ കത്തുലഭിച്ച ഗോപിനാഥൻ നായർ ഇന്നലെ വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം പഞ്ചായത്ത് ഓഫീസിലെത്തി. താൻ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അറിയിച്ചു. അബദ്ധം മനസിലാക്കിയ ജീവനക്കാർ ഗോപിനാഥൻ നായരോട് മാപ്പുപറഞ്ഞ് തലയൂരി. സാമൂഹ്യ സുരക്ഷാ പെൻഷൻ റദ്ദാക്കലുമായി ബന്ധപ്പെട്ട് ഇളകൊള്ളൂർ മടൂർ മുരുപ്പേൽ ഗോപിനാഥൻ നായരുടെ ഭാര്യയ്ക്ക് പഞ്ചായത്ത് ഓഫീസിൽ നിന്ന് കത്തുലഭിച്ചത് വാർത്തയായിരുന്നു. ഗോപിനാഥൻ നായരുടെ മരണ സർട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. സാമൂഹ്യ സുരക്ഷ പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയ ജീവനക്കാരന്റെ അശ്രദ്ധയാണ് വിഷയമായത്. മാപ്പുപറഞ്ഞതോടെ പ്രശ്നം രമ്യമായി പരിഹരിച്ചു. ജീവനക്കാരനെതിരെ നടപടിക്ക് നീക്കമില്ല.