ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ ഇന്ന് വിധി

Tuesday 20 January 2026 1:35 AM IST

കൊല്ലം∙ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പോറ്റി പ്രതിയായതിനാൽ ദ്വാരപാലക കേസിൽ ഇന്ന് ജാമ്യം കിട്ടിയാലും ജയിൽ മോചിതനാകില്ല. രണ്ടാം കേസിൽ 90 ദിവസം പൂർത്തിയാകാൻ മൂന്ന് ആഴ്ചകൂടിയുണ്ട്. അതിന് മുൻപ് ആദ്യഘട്ട കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന എസ്ഐടിയുടെ അപേക്ഷ കോടതി പരിഗണിച്ചു. ഇന്ന് ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി എസ്.ഐ.ടി കസ്റ്റഡിയിൽ വിടും. തന്ത്രി കണ്ഠരര് രാജീവരുടെ കസ്റ്റഡി അപേക്ഷയിൽ 22ന് ഒരു ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയിൽ വിടും. ഇരുവരിൽ നിന്നും നിർണായക മൊഴികൾ എടുക്കണമെന്ന് കസ്റ്റഡി അപേക്ഷയിൽ എസ്.ഐ.ടി പറയുന്നുണ്ട്. തന്ത്രിയുടെ ജാമ്യ ഹർജിയും 22ന് പരിഗണിക്കും. കട്ടിളപ്പാളി സ്വർ‌ണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജുഡിഷ്യൽ കസ്റ്റഡി ഫെബ്രുവരി 2 വരെ ദീർഘിപ്പിച്ചു. റിമാൻഡ് അവസാനിച്ച പശ്ചാത്തലത്തിൽ ഇന്നലെ വാസുവിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചത്.