കാലാവസ്ഥ ചതിച്ചു, പനിക്കിടക്കയിൽ പതിനായിരങ്ങൾ

Tuesday 20 January 2026 12:38 AM IST

@ 15 ദിവസത്തിടെ ചികിത്സ തേടിയത്

9761 പനി ബാധിതർ

കോഴിക്കോട്: തണുപ്പും കടുത്ത ചൂടും കലർന്ന കാലാവസ്ഥ പനിക്കിടക്കയിലാക്കിയത് പതിനായിരങ്ങളെ. മഞ്ഞപ്പിത്തം ചിക്കൻപോക്സ്, ഡെങ്കിപ്പനി, ഛർദ്ദി, വയറിളക്കം എന്നിവയും പടരുകയാണ്. പകർച്ചപ്പനിയുടെ തുടക്കം ജലദോഷമാണ്. പിന്നീട് തൊണ്ടവേദനയാവുകയും പനി ശക്തമാവുകയും ചെയ്യുന്നു. നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും ചുമയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സ തേടുന്നത്. ജനുവരി ഒന്ന് മുതൽ 16 വരെ 9761പേർ പനിയും 44 പേർ മഞ്ഞപ്പിത്തവും ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. എന്നാൽ സ്വകാ ര്യ ആശുപത്രികളിലെത്തിയവരെ കൂടി നോക്കിയാൽ രോഗബാധിതരുടെ എണ്ണം ഇതിലും കൂടും.

വില്ലനായി ലാറിഞ്ചൈറ്റിസ്

പനിയോടൊപ്പം കടുത്ത തൊണ്ടവേദനയുമായാണ് പലരും ചികിത്സ തേടുന്നത്. ലാറിഞ്ചൈറ്റിസ് എന്ന തൊണ്ടയിലെ അണുബാധയാണ് വില്ലനാവുന്നത്. ശബ്ദതടസമാണ് അണുബാധയുടെ പ്രധാന ലക്ഷണം. ഈ അസുഖത്തിന് മൗനവ്രതമാണ് ഏറ്റവും നല്ല ചികിത്സ യെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരാഴ്ച ശബ്ദവിശ്രമം കൊടുത്താൽ അസുഖം മാറും. ശരാശരി അഞ്ഞൂറിലേറെ പേരാണ് ആശുപത്രിയിൽ എത്തുന്നത്. പനിക്കൊപ്പം വരുന്ന ചുമയും ജലദോഷവും ശരീരവേദനയും മാറാൻ പിന്നെയും ദിവസങ്ങൾ വേണ്ടി വരികയാണ്. കുട്ടികൾക്കും യുവാക്കൾക്കും ഇടയിലാണ് ചിക്കൻപോക്സ് പടരുന്നത്. ചിക്കൻ പോക്സ്, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള അസുഖങ്ങൾ എല്ലാ കാലാവസ്ഥയിലും പടരുന്നത് വെല്ലുവിളിയാവുകയാണ്.

 മറക്കേണ്ട മാസ്ക്

ജലദോഷവും പനിയുമുള്ളവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തിയാൽ ഒരുപരിധി വരെ രോഗങ്ങളിൽ നിന്ന് രക്ഷനേടാം. രോഗലക്ഷണം കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ വൈദ്യസഹായം തേടണം.

''ജല-ജന്തുജന്യരോഗങ്ങളാണ് ഏറ്റവും വേഗം പടർന്നുപിടിക്കുന്നത്. അസുഖമുണ്ടായാൽ കുട്ടികൾ സ്കൂളിൽ പോകാതിരിക്കുക. തിളപ്പിച്ചാറ്റിയ വെള്ളംകുടിക്കുക, ലക്ഷണങ്ങൾ വന്നാൽ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം""- ഡോ.സന്ധ്യകുറുപ്പ്, ഐ.എം.എ, കോഴിക്കോട്