എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് നിയമനം അനിശ്ചിതത്വത്തിൽ

Tuesday 20 January 2026 12:41 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ.ഹൈസ്കൂ‌ളുകളിൽ ഫിസിക്കൽ സയൻസ് അദ്ധ്യാപക നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നു.2024 ഡിസംബറിൽ മറ്റു വിഷയങ്ങൾക്കൊപ്പം ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ മറ്റുള്ള വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് ക്രമങ്ങൾ ഏകദേശം പൂർത്തിയായിട്ടും ഈ തസ്‌തികയിൽ മാത്രം നടപടികൾ ഇഴയുകയാണ്.

2025 ഓഗസ്റ്റിലാണ് പരീക്ഷ നടന്നത്.പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. മാത്‍സ് തസ്തികയിൽ ഷോർട്ട് ലിസ്റ്റ് ഇന്റർവ്യൂ നടക്കുകയാണിപ്പോൾ.2016ലെ വിജ്ഞാപന പ്രകാരം ഫിസിക്കൽ സയൻസ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചവർ,സുപ്രീം കോടതിയിൽ നൽകിയ കേസിന്റെ വിധി വരുന്നതുവരെ ഇക്കാര്യത്തിൽ നടപടി വൈകിപ്പിക്കുന്നതെന്നാണ് പി.എസ്.സി ഉദ്യോഗാർത്ഥികളോട് പറയുന്നത്.ഇതോടെ രണ്ട് വിജ്ഞാപനത്തിലും അപേക്ഷിച്ചവർ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഉത്തരവിന് പിന്നാലെ കേസ്

2016 ലെ (കാറ്റഗറി നമ്പർ 227/2016) ഫിസിക്കൽ സയൻസ് അദ്ധ്യാപക തസ്തികയിലേക്കുള്ള വിജ്ഞാപനത്തിൽ 2018 ലാണ് പരീക്ഷ നടത്തിയത്. 2020ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും 2019 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ യോഗ്യത സംബന്ധിച്ച ഉത്തരവാണ് ഈ ലിസ്റ്റിന്റെ വിധി മാറ്റിയത്. ബി.എസ്.സി ഫിസിക്സ് പഠിച്ചവർ ഉപവിഷയമായി കെമിസ്ട്രിയും,കെമിസ്ട്രി പഠിച്ചവർ ഉപവിഷയമായി ഫിസിക്സു‌ം പഠിച്ചിരിക്കണമെന്നതായിരുന്നു പുതിയ മാറ്റം.ഇതേ തുടർന്ന് റാങ്ക് ലിസ്റ്റിൽ നിന്നും പുതിയ ഉത്തരവ് പ്രകാരമുള്ള യോഗ്യതയുള്ളവർക്ക് മാത്രമാണ് നിയമനം നൽകിയത്.തുടർന്ന് റാങ്ക് ലിസ്റ്റിലെ മറ്റുള്ളവർ നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.ഇതിനിടെ ഈ ലിസ്റ്റിന്റെ കാലാവധി 2023 ൽ അവസാനിച്ചു.തുടർന്നാണ് 2024 ൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.