ആഗോള അയ്യപ്പസംഗമം: 25ന് മുമ്പ് കണക്ക് നൽകണമെന്ന് ഹൈക്കോടതി
ശബരിമല: കോടികൾ ചെലവഴിച്ച് പമ്പാ ത്രിവേണിയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്ക് ജനുവരി 25ന് മുമ്പ് നൽകില്ലെങ്കിൽ ദേവസ്വം ബോർഡിനെതിരെ കോടതിയലക്ഷ്യ കേസെടുക്കുമെന്ന് ഹൈക്കോടതി . 2025 സെപ്തംബർ 20ന് പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിന്റെ കണക്ക് 45 ദിവസത്തിനുള്ളിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് നൽകണമെന്നായിരുന്നു ആദ്യം ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ 45 ദിവസത്തിന് ഒരു ദിവസം ബാക്കിനിൽക്കെ ഓഡിറ്റ് ചെയ്ത കണക്ക് നൽകാൻ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ച് കോടതി രണ്ടുമാസത്തെ സാവകാശം നൽകി. എന്നാൽ രണ്ടുമാസം പിന്നിട്ടിട്ടും കണക്കുനൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ 25ന് ഒരുമാസത്തെ സമയംകൂടി അനുവദിച്ച ശേഷമാണ് കണക്ക് നൽകാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കോടതി പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിലും ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിയുടെ സംഘാടക ചുമതലയിലുമായിരുന്നു ആഗോള അയ്യപ്പസംഗമം. ഭക്തർ നൽകുന്ന പണം ഉപയോഗിച്ച് സംഗമം നടത്തരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി വ്യക്തികളും അയ്യപ്പഭക്ത സംഘടനകളും കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് കർശന ഉപാധികളോടെയാണ് അയ്യപ്പ സംഗമത്തിന് കോടതി അനുമതി നൽകിയത്
അയ്യപ്പ സംഗമത്തിനായി സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന ഒരോ പൈസയ്ക്കും സുതാര്യമായ കണക്കുകൾ സൂക്ഷിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.