റിപ്പബ്ലിക്കിന് നടനമാടാൻ 4 മലയാളി പെൺകുട്ടികൾ

Tuesday 20 January 2026 12:00 AM IST
അനാമിക, ഐശ്വര്യ,സ്‌നേഹ, അഞ്ജിത എന്നിവർ ഡൽഹി കർത്തവ്യപഥിൽ റിഹേഴ്‌സലിനിടെ

കൊച്ചി: വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ നാലു മലയാളി പെൺകുട്ടികൾ ചിലങ്കയണിഞ്ഞ് ദേശീയ ശ്രദ്ധനേടും. ബംഗളൂരു രേവ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായ അനാമിക, ​ അഞ്ജിത,​ ഐശ്വര്യ,​ സ്‌നേഹ എന്നിവരാണ് ചിലങ്കയണിയുക. കുച്ചുപ്പുടിയും ഭരതനാട്യവുമാണ് അവരിപ്പിക്കുന്നത്. കുട്ടിക്കാലം മുതൽ കൂടെക്കൂട്ടിയ നൃത്തച്ചുവടുകൾ രാജ്യത്തിനു മുമ്പാകെ അവതരിപ്പിക്കാൻ അവസരം കിട്ടിയതിന്റെ ആവേശത്തിലാണിവർ.

ദേശീയ മത്സരങ്ങളിൽ രേവ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ സ്ഥിരസാന്നിദ്ധ്യമാണ്. പുരസ്‌കാര നേട്ടങ്ങളിലും മുന്നിൽ. ഇതു കണക്കിലെടുത്താണ് കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർമാൻ ഡോ. സന്ധ്യ പുരേച്ച റിപ്പബ്ലിക് ദിന പരേഡിൽ ഒരുക്കുന്ന നൃത്താവിഷ്‌കാരത്തിലേക്കുള്ള കുട്ടികളെ തേടി രേവ യൂണിവേഴ്‌സിറ്റിയെ സമീപിച്ചത്. കുച്ചുപ്പുടിയും ഭരതനാട്യത്തിനുമായി 13 പേരെ തിരഞ്ഞെടുത്തു. ഇതിൽ നാലുപേർ മലയാളികളായതിൽ അതിയായ സന്തോഷമുണ്ടെന്ന് കുച്ചുപ്പുടി വിഭാഗം ഫാക്കൽറ്റി ആതിര വർമ്മ പറഞ്ഞു.

കലാകാരികൾ തീവ്രപരിശീലനത്തിൽ

12ന് ഡൽഹിയിലെത്തിയ കലാകാരികൾ തീവ്രപരിശീലനത്തിലാണ്. സംഗീത സംവിധായകനും എഴുത്തുകാരനുമായ എം.എം. കീരവാണിയുടെ സംഗീതത്തിലാണ് നൃത്താവിഷ്‌കാരം. എറണാകുളം ഇലഞ്ഞി സ്വദേശിയാണ് അനാമിക. കണ്ടംതുരുത്ത് വീട്ടിൽ കെ.കെ. സജു- സൗമിനി പി.എം എന്നിവരാണ് മാതാപിതാക്കൾ. കൊല്ലം കിളിക്കൊല്ലൂർ സ്വദേശിയാണ് എസ്. ഐശ്വര്യ. രാജലക്ഷ്മി വിലാസത്തിൽ ഉദയകുമാറും സീതാലക്ഷ്മിയുമാണ് മാതാപിതാക്കൾ.

തൃശൂർ ഊരകം സ്വദേശിയാണ് സി.എ. അഞ്ജിത. ചിറയിന്മേൽവീട്ടിൽ സി.ബി. ജോഷിയും പി.എസ്. ഹീരാഭായിയുമാണ് അഞ്ജിതയുടെ മാതാപിതാക്കൾ. പാലക്കാട് ഷൊർണ്ണൂർ സ്വദേശിയാണ് എം.ആർ. സ്‌നേഹ. ചന്ദ്രനിവാസിൽ എം.കെ. രാജൻ-സി.കെ.സജിത എന്നിവരാണ് മാതാപിതാക്കൾ.