ഹൈക്കോടതിയുടെ  നിരീക്ഷണം : കോടതിക്ക്  പ്രോസിക്യൂഷൻ  അനുമതി നൽകാനായാൽ  അഴിമതി  ഇല്ലാതാകും 

Tuesday 20 January 2026 12:00 AM IST

#വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന പ്രവണത

കൊച്ചി: അഴിമതിക്കാരായ പൊതുസേവകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാനുള്ള അധികാരം കോടതികൾക്കു കൈമാറിയാൽ മാത്രമേ അഴിമതി ഇല്ലാതാക്കാനാവൂ എന്ന് ഹൈക്കോടതി.

വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന രീതിയാണെന്നും കോടതി ഉത്തരവ് നടപ്പാക്കാത്തതിന് സർക്കാർ എന്തു ന്യായീകരണം നിരത്തിയാലും നിലനിൽക്കില്ലെന്നും തുറന്നടിച്ചു.

കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി മൂന്നാം തവണയും നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള പരാമർശം.

പ്രതികളായ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ മൂന്നാം തവണയും സർക്കാർ നിരസിച്ച സാഹചര്യത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിഅലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകമ്പള്ളി മനോജ് നൽകിയ ഉപഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹർജി വിധി പറയാൻ മാറ്റി.

സർക്കാർ തെറ്റായ നിലപാട്

സ്വീകരിക്കുന്നു

#കോടതി ഉത്തരവുണ്ടായിട്ടും കശുഅണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച നടപടി ബോധപൂർവമാണെന്നു കോടതി വിലയിരുത്തി. അന്വേഷണം നടന്നതുപോലും കോടതി ഉത്തരവിനെ തുടർന്നാണ്. നിഷേധാത്മക നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തെറ്റുതിരുത്താൻ രണ്ട് അവസരം നൽകിയിട്ടും മൂന്നാമതും തെറ്റായ നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ കോടതിഅലക്ഷ്യമുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുള്ളതാണ്.

# പ്രോസിക്യൂഷൻ അനുമതി നൽകാത്തതിന് കാരണം സർക്കാർ ഉത്തരവിലില്ല. ഉത്തരവിറക്കിയ ശേഷം കാരണം നിരത്തുകയാണ്. തൊഴിൽ ഉറപ്പാക്കാൻ കശുഅണ്ടി ഇറക്കുമതി ചെയ്‌തെന്നാണ് പറയുന്നത്. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയല്ല തൊഴിൽ നൽകേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്ന് പറഞ്ഞ അവസ്ഥയാണിതെന്നും കോടതി പറഞ്ഞു.