ശബരിമല കൊള്ളയിൽ വഴിത്തിരിവ്: തിരിച്ചെത്തിച്ചത് നിക്കൽ സ്വർണം
നിക്കൽ നേരിയ സ്വർണ നിറമുള്ള ലോഹം അക്രിലിക് പോളിമർ ചേർത്തും മറിമായം
കൊച്ചി: ശബരിമലയിൽ നിന്നു കൊണ്ടുപോയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോൾ നിക്കൽ ലോഹം കലർന്നതായി വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട്.നേരിയ സ്വർണ നിറമുള്ള തിളക്കമാർന്ന ലോഹമാണ് നിക്കൽ. കൊണ്ടുപോയ പാളികളിൽ അത് ഒട്ടിക്കാൻ ഉപയോഗിച്ച മെർക്കുറിയുടെ (രസം) അംശം ഉണ്ടായിരുന്നു. തിരിച്ചെത്തിച്ച പാളികളിൽ മെർക്കുറിയുടെ അംശം ലവലേശം ഇല്ല. നിക്കലിനു പുറമേ, അക്രിലിക് പോളിമർ കാര്യമായ അളവിൽ കലർന്നു.
പഴയ ശുദ്ധമായ സ്വർണപ്പാളിയുടെ കനവും ഇപ്പോഴത്തെ നിക്കൽ അക്രിലിക് പോളിമർ അളവും താരതമ്യം ചെയ്യുമ്പോൾത്തന്നെ, സ്വർണക്കവർച്ചയുടെ വ്യാപ്തി ബോധ്യമാവുമെന്ന് എസ്.ഐ.ടിയുടെ റിപ്പോർട്ടിൽ പറയുന്നു.എത്രമാത്രം ആസൂത്രിതമായാണ് കൊള്ള നടത്തിയെന്നതിന്റെ സൂചനകൂടിയാണിത്. പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. പിന്നിൽ വൻ റാക്കറ്റുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
2024-2025 വർഷങ്ങളിൽ സ്വർണത്തിൽ വന്ന മാറ്റത്തിന്റെ നിർണായക സൂചനകളും റിപ്പോർട്ടിലുണ്ട്.
കോടതി നേരത്തേ പ്രകടിപ്പിച്ച ആശങ്കകൾ ശരിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിയുന്നതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ അടങ്ങിയ ദേവസ്വം ബെഞ്ച് പറഞ്ഞു.
കേസിന്റെ വൈകാരിക സ്വഭാവവും, കൂടുതൽ പേർക്കു പങ്കുണ്ടെന്ന സൂചനയും കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് കോടതി പറഞ്ഞു.
ഫെബ്രുവരി ഒൻപതിന് പരിഗണിക്കും.
പിടിച്ചെടുക്കുന്ന എല്ലാ തെളിവുകളും സമഗ്ര പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിർദ്ദേശിച്ചു. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെ വിശദ മൊഴിയെടുക്കാൻ എസ്.ഐ.ടിക്ക് കോടതി നിർദ്ദേശം നൽകയിരിക്കുകയാണ്.
ദ്വാരപാലക ശില്പങ്ങളുടെ പാളികളുമായി ബന്ധപ്പെട്ട കേസിലെ പതിനാറ് പ്രതികളിൽ പതിനൊന്നുപേരും അറസ്റ്റിലായി. ഇവരടക്കം 13 പ്രതികളാണ് കട്ടിളപ്പാളി കേസിലുള്ളത്.
മറ്റ് മൂന്നുപേർക്കു കൂടി പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് എസ്.ഐ.ടി അറിയിച്ചു. കൂടുതൽ പേർ ഉൾപ്പെടാൻ സാദ്ധ്യത കൂടുതലാണ്. കോടതി നിർദ്ദേശപ്രകാരം നവംബർ 17,18 തീയതികളിലാണ് സ്വർണപ്പാളികളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് എസ്.ഐ.ടി വി.എസ്.എസ്.സിയിലേക്ക് അയച്ചത്.
അന്വേഷണം കൂടുതൽ തലങ്ങളിലേക്ക്
ദ്വാരപാലക ശില്പങ്ങളെക്കുറിച്ചും പഴയ കൊടിമരം പൊളിച്ചുമാറ്റിയതിനെക്കുറിച്ചുമെല്ലാം കൂടുതൽ അന്വേഷണം നടത്തും. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യും. ഫയലുകൾ, ഭരണരേഖകൾ, മറ്റു പ്രമാണങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്.
202 സാക്ഷിമൊഴികൾ ഇതുവരെ 202 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുന്നു. പ്രധാന പ്രതികൾ കഴിഞ്ഞ കാലങ്ങളിലുണ്ടാക്കിയ ഭൂസ്വത്തു വിവരങ്ങളും പരിശോധിക്കും. ചില സൂചനകൾ കിട്ടിയിട്ടുണ്ട്. ചിലരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
ലോകത്തിലെ മികച്ച ലാബ്
# റോക്കറ്റിൽ ഉപയോഗിക്കാൻ കഴിയുന്ന ലോഹസങ്കരങ്ങൾ പരീക്ഷിക്കുന്ന വി.എസ്.എസ്.സിയലെ ലാബ് ലോക നിലവാരത്തിൽത്തന്നെ മുൻപന്തിയിലാണ്.
# ഒരു വസ്തുവിൽ എന്തൊക്കെ രാസപദാർത്ഥകൾ, എത്രമാത്രം അളവിൽ ചേർന്നിട്ടുണ്ടെന്ന് വേർതിരിച്ചറിയും.അവ എപ്പോൾ,എങ്ങനെ അതുമായി ചേർന്നെന്നും,എന്തെങ്കിലും പദാർത്ഥം വേർപെടുത്തിയിട്ടുണ്ടെങ്കിൽ അതും കൃത്യമായി കണ്ടെത്തും.