യോഗം-എൻ.എസ്.എസ് ഐക്യം, എൽ.ഡി.എഫിന് രാഷ്ട്രീയ വിജയം
തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഇടതുമുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ജീവശ്വാസം പകരുന്നതായി
എസ്.എൻ.ഡി.പി യോഗം- എൻ.എസ്.എസ് ഐക്യാഹ്വാനം. ശബരിമല സ്വർണക്കൊള്ള വിവാദത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിലും നിലപാടുതറ ഇളകിയ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രളയത്തിൽ ഒലിച്ചു പോകുമെന്ന് ഉറപ്പിച്ചവരിൽ മുന്നണിക്കകത്തുള്ളവരുമുണ്ട്.
പക്ഷേ, സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളുടെ പുനരൈക്യം സൃഷ്ടിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ എൽ.ഡി.എഫിന് ഗുണകരമാവുമെന്നാണ് മുന്നണി നേതാക്കളുടെ വിലയിരുത്തൽ. വിശേഷിച്ച്, രണ്ടു സമുദായ നേതാക്കളും ഒരേസ്വരത്തിൽ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിനെയും കടന്നാക്രമിക്കുമ്പോഴും, എൽ.ഡി.എഫ് സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ എസ്.എൻ.ഡി.പി യോഗം എൽ.ഡി.എഫ്
അനുകൂല സമീപനമാണ് കൈക്കൊണ്ടു വരുന്നതെങ്കിലും, എൻ.എസ്.എസിന്റെ ആഭിമുഖ്യം
യു.ഡി.എഫിനോടായിരുന്നു. 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ശേഷം മാദ്ധ്യമങ്ങളെ കണ്ട എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. പക്ഷേ, തുടർഭരണം ലഭിച്ച പിണറായി സർക്കാർ, ആവശ്യങ്ങളിൽ പലതും അംഗീകരിച്ചതോടെ എൻ.എസ്.എസിന്റെ എതിർപ്പ് കുറഞ്ഞു തുടങ്ങി.
അടുപ്പം അയ്യപ്പ സംഗമത്തോടെ
ശബരിമല യുവതീപ്രവേശന വിഷയത്തിൽ 2019ൽ പിണറായി സർക്കാരിനെതിരെ പരസ്യ
പ്രക്ഷോഭത്തിനിറങ്ങിയ എൻ.എസ്.എസ് 2025ൽ സർക്കാരും
ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ
പ്രഖ്യാപിച്ചത് യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു. സംഗമത്തിൽ എൻ.എസ്.എസ്
വൈസ് പ്രസിഡന്റ് സംഗീത് കുമാർ പങ്കെടുത്തു. മാത്രമല്ല,ശബരിമല വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മാസ്റ്റർപ്ളാൻ നടപ്പാക്കലും വിമാനത്താവളവും ഉൾപ്പെടെ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
സ്വർണക്കൊള്ളക്കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ അഴിക്കുള്ളിലായിട്ടും,
പ്രതിപക്ഷത്തിനൊപ്പം നിന്ന് സർക്കാരിനെ കല്ലെറിയാൻ സുകുമാരൻനായർ മുതിർന്നില്ല.അയ്യപ്പന്റെ സ്വർണം കവർന്നവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന്
വെള്ളാപ്പള്ളി നടേശന്റേതിന് സമാനമായ നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിലും പത്മകുമാറിനെയും വാസുവിനെയും പ്രതിക്കൂട്ടിൽ നിറുത്തിയാൽ അവർക്കെതിരെ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടി നടപടി സ്വീകരിക്കുമെന്ന സി.പി.എമ്മിന്റെ ഉറപ്പും ഇരുനേതാക്കളും വിശ്വാസത്തിലെടുക്കുന്നു.
സതീശൻ വടി കൊടുത്ത്
അടി വാങ്ങുന്നുവെന്ന്
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ചശേഷം സഭാ സിനഡിൽ
പങ്കെടുത്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വർഗീയതയ്ക്കെതിരെ പറയാൻ
അർഹതയില്ലെന്ന വിമർശനം ഉന്നയിക്കുന്നതിൽ ഏകസ്വരമാണ് വെള്ളാപ്പള്ളിക്കും
സുകുമാരൻ നായർക്കും. വെള്ളാപ്പള്ളിയെ കിട്ടുന്ന വേദികളിലെല്ലാം വർഗീയ വാദിയായി
ചിത്രീകരിക്കാനുള്ള സതീശന്റെ ശ്രമം ഈഴവ സമുദായത്തിൽ വെള്ളാപ്പള്ളിയുടെ നിലപാടുകളെ എതിർക്കുന്നവരിൽ പോലും അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ടെന്നതാണ്
വസ്തുത. ജി.സുകുമാരൻ നായരും ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ,
കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള വേറെ നേതാക്കളുണ്ടെന്ന ഇരുവരുടേയും വാക്കുകളുടെ മുന എങ്ങോട്ടെന്നും വ്യക്തം.