മകരച്ചൂട് മലയോളം ഉറവ കിണറോളം വറ്റി
പ്രമാടം: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പ്രമാടത്ത് മകരച്ചൂട് മലയോളം പൊക്കത്തിലെത്തിയതോടെ കിണറുകളിലെ ഉറവകൾ വറ്റി. ഇതോടെ പ്രദേശവാസികൾ കുടിനീര് തേടി നെട്ടോട്ടം ആരംഭിച്ചു. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാതായതോടെ പണം നൽകി കിലോമീറ്ററുകൾ താണ്ടി വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണുള്ളത്.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ പുതിയ പദ്ധതിയിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കുള്ളത്. ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയവും നേരിടുന്നുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ നേരത്തെ ടാങ്കർ ലോറികളിലും മറ്റും പഞ്ചായത്ത് കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും ഇത്തവണ ഇതുവരെയും നടപടിയായില്ല. ഇതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലജന്യരോഗങ്ങളും തലപൊക്കി.
കിണറില്ലാത്ത ഉയർന്ന പ്രദേശങ്ങളിലുള്ളവർ താഴ്ന്ന പ്രദേശങ്ങളിൽ എത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് ലൈനെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളും പ്രമാടത്തുണ്ട്. വേനലിന്റെ കാഠിന്യം അനുസരിച്ച് കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് കാര്യക്ഷമമാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. വേനലിന്റെ തുടക്കത്തിൽ തന്നെ ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
കുടിവെള്ള പദ്ധതിയുണ്ട്, പണി നീളുന്നു
അച്ചൻകോവിലാറ്റിലെ വ്യാഴിക്കടവിൽ തടയണയും കിണറും വിവിധ ഭാഗങ്ങളിൽ വാട്ടർ ടാങ്കുകളും സ്ഥാപിക്കാൻ തീരുമാനിച്ചത് രണ്ട് വർഷം മുമ്പ്
102.8 കോടിയുടെ സമ്പൂർണ കുടിവെള്ള പദ്ധതി നീളുന്നു
പദ്ധതിക്ക് പണം അനുവദിച്ചത് ജല അതോറിറ്റി
വ്യാഴിക്കടവിലെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയാണ് തടയണയ്ക്ക് സ്ഥലം കണ്ടെത്തിയത്
പഞ്ചായത്തിലെ പ്രധാന ശുദ്ധജല പദ്ധതി അച്ചൻകോവിലാറ്റിലെ മറൂരിൽ
നിലവിൽ പമ്പിംഗ് മറൂർ പമ്പ് ഹൗസിൽ നിന്ന് മാത്രം
പമ്പ് ഹൗസിലെ മോട്ടോറുകൾ ഇടയ്ക്കിടെ പണിമുടക്കും
തുടർച്ചയായ പൈപ്പ് പൊട്ടലും പ്രതിസന്ധി
ഇപ്പോൾ പ്രവർത്തിക്കുന്നത് മൂന്ന് മോട്ടോറുകളിൽ രണ്ടെണ്ണം മാത്രം
വാർഡുകൾ-20
ജനസംഖ്യ- 0.5 ലക്ഷത്തിലേറെ
മഴക്കാലത്തും ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്ന പട്ടികജാതി കുടുംബങ്ങൾ പഞ്ചായത്തിലുണ്ട്.
നാട്ടുകാർ