മൃഗാശുപത്രികളും ഡിജിറ്റലിലേക്ക്, ഇ- സമൃദ്ധ വ്യാപിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മൃഗാശുപത്രികളും ഡിജിറ്റലാകുന്നു. ഇ-സമൃദ്ധ പദ്ധതിയിലൂടെ ചികിത്സാ വിവരങ്ങൾ,ആരോഗ്യ സർട്ടിഫിക്കറ്റുകൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ മുതലായവ ഓൺലൈനായി ലഭ്യമാക്കും. ഉരുക്കളുടെ പ്രത്യുത്പാദനപരവും ആരോഗ്യപരവുമായ എല്ലാ വിവരങ്ങളും സംസ്ഥാനത്തെവിടെയും ഒറ്റക്ലിക്കിൽ സോഫ്ട്‍വെയറിൽ ലഭ്യമാകുന്നതോടെ കുറ്റമറ്റ, ശാസ്ത്രീയ ചികിത്സ സാദ്ധ്യമാവും. നിലവിൽ 227 മൃഗാശുപത്രികളിൽ നടപ്പാക്കിയ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് നീക്കം.
ഒ.പി കാർഡ് നമ്പരോ കർഷകന്റെ മൊബൈൽ നമ്പരോ ഇ-സമൃദ്ധ സോഫ്ട് വെയറിലേക്ക് നൽകിയാൽ വളർത്തുമൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച പൂർണമായ വിവരം ലഭ്യമാകും. അതനുസരിച്ച് ഡോക്ടർക്ക് ചികിത്സ നിർദ്ദേശിക്കാനുമാകും. പത്തനംതിട്ടയിലെ ചില മൃഗാശുപത്രികളിലും കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും തൃക്കണ്ണാപുരം മൃഗാശുപത്രിയിലും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയിരുന്നു.
സംസ്ഥാനത്തെമൃഗാശുപത്രികൾ - 985
വെറ്ററിനറി പോളിക്ലിനിക്- 51
മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ- 1
ഇ സമൃദ്ധ നടപ്പാക്കിയ മൃഗാശുപത്രികൾ -227
ആർ.എഫ്.ഐ.ഡി ടാഗ് ഘടിപ്പിക്കും
ഇ - സമൃദ്ധ നടപ്പാക്കുന്ന മുറയ്ക്ക് പശുക്കൾക്ക് ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ) ടാഗ് ഘടിപ്പിക്കുന്ന പദ്ധതിയും വ്യാപിപ്പിക്കും. പശുക്കളുടെ ചെവിയിൽ ഘടിപ്പിച്ച ചിപ്പിൽ ആരോഗ്യസ്ഥിതി, രോഗവിവരം, സ്‌കാൻ , എക്‌സ്‌റേ വിവരങ്ങൾ, നൽകിയ ചികിത്സ, പ്രസവങ്ങളുടെ എണ്ണം, ലഭിക്കുന്ന പാലിന്റെ അളവ് തുടങ്ങിയവയെല്ലാം രേഖപ്പെടുത്തും. പത്തനംതിട്ട ജില്ലയിൽ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.