ഐക്യം സതീശന് എതിരെന്നത് വ്യാഖ്യാനം : ജി.സുകുമാരൻ നായർ
കോട്ടയം : എൻ.എസ്.എസ് -എസ്.എൻ.ഡി.പി യോഗം ഐക്യം സംബന്ധിച്ച തന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എതിരെയാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ജി.സുകുമാരൻ നായർ. ഐക്യം യാഥാർത്ഥ്യമാകാൻ ഇരുസംഘടനകൾ മാത്രം വിചാരിച്ചാൽ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല.
. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ശരി വച്ച് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് കോട്ടം വരാത്ത വിധം ഐക്യമാകാമെന്ന അഭിപ്രായമാണ് താൻ പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ 21 ന് നേതൃയോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 89 വയസ് പ്രായമുള്ള, ദീർഘകാലമായി പ്രബല ഹൈന്ദവ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മോശമായി ചിത്രീകരിക്കുന്ന ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അവർക്കത് ഭൂഷണമല്ലെന്നായിരുന്നു തന്റെ വാക്കുകൾ. ഇത്
സതീശനെതിരെ എന്ന് വ്യാഖ്യാനിക്കുകയായിരുന്നു. വിഷയം എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യമാണ്. ഇതിന്റെ പേരിൽ അനാവശ്യമായ രാഷ്ട്രീയ
പരിഗണന ആർക്കെങ്കിലും നൽകിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.