റിട്ട. ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അന്തരിച്ചു

Tuesday 20 January 2026 2:16 AM IST

തിരുവനന്തപുരം: കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി (82) അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ കായിക്കര വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

കായിക്കര വീട്ടിൽ കുഞ്ഞുണ്ണി ആശാന്റെയും അമ്മുക്കുട്ടിയുടെയും ഏഴുമക്കളിൽ മൂന്നാമത്തെ മകളായി 1944ൽ ജനനം. 17 വർഷം അഭിഭാഷകയായിരുന്നു. 1987ൽ ജില്ലാ ജഡ്ജിയായി കൊല്ലത്തു നിയമിതയായി. തുടർന്ന് പത്തനംതിട്ട, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ആലപ്പുഴ ജില്ലാ ജഡ്ജിയായിരിക്കെ കേരള ഹൈക്കോടതി ജഡ്ജിയായി. 2004ൽ വിരമിച്ചു.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർപേഴ്സൺ, റെഡ് ക്രോസ് കേരള റീജിയൺ ചെയർപേഴ്സൺ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർപേഴ്സൺ, തോന്നയ്ക്കൽ ശ്രീസത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ്‌ ചെയർപേഴ്സൺ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. അവിവാഹിതയാണ്.