ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസ്: അമ്മ കുറ്റക്കാരി, കാമുകനെ വെറുതെ വിട്ടു

Tuesday 20 January 2026 1:16 AM IST

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ ഒന്നാം പ്രതിയായ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (27) കുറ്റക്കാരി. തളിപ്പറമ്പ് അഡിഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന കണ്ണൂർ വാരം പുന്നയ്ക്കൽ സ്വദേശി നിധിനെ (28)​ വെറുതെ വിട്ടു. കാമുകനൊപ്പം ജീവിക്കുന്നതിനായി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 21ന് ശിക്ഷാ വിധി പറയും.

ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും വിലയിരുത്തി. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, തനിക്ക് 27 വയസ് മാത്രമാണ് പ്രായമെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല. മാനസിക പിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും ശരണ്യ ആവശ്യപ്പെട്ടു.

2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ രണ്ടോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ വിയാനെ എടുത്തു കൊണ്ടുപോയി തയ്യിൽ കടൽത്തീരത്തെ കടൽഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിലേക്ക് ശരണ്യ വലിച്ചെറിയുകയായിരുന്നു. ആദ്യത്തെ വീഴ്ചയിൽ തന്നെ കുഞ്ഞിന് മാരകമായി പരിക്കേറ്റു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാൻ രണ്ടാമതും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞതായി ശരണ്യ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ശരണ്യ, കുഞ്ഞിനെ ഭർത്താവ് പ്രണവ് തട്ടിക്കൊണ്ടുപോയി എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു.

കാമുകന്റെ ഫോൺ കാൾ നിർണായകമായി

ഭർത്താവിനെ കുടുക്കുന്ന തരത്തിലായിരുന്നു ശരണ്യയുടെ ആദ്യത്തെ മൊഴി. എന്നാൽ, ശരണ്യയെ ചോദ്യം ചെയ്യുന്നതിനിടെ 17 തവണ കാമുകൻ നിധിന്റെ ഫോൺ കാൾ വന്നത് കേസന്വേഷണത്തിൽ വഴിത്തിരിവായി. കൂടുതൽ സാഹചര്യത്തെളിവുകൾ നിരത്തിയതോടെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറൻസിക് പരിശോധന ഫലം, കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടൽഭിത്തിക്കരികിൽ നിന്ന് കിട്ടിയ ശരണ്യയുടെ ചെരുപ്പ് തുടങ്ങിയവ കൊലപാതകക്കുറ്റം തെളിയുന്നതിൽ നിർണായകമായി.