മതനിരപേക്ഷതയ്ക്ക് അടിത്തറ പാകിയത് ശ്രീനാരായണ ഗുരു: പിണറായി
കൊല്ലം: കേരളത്തിൽ മതനിരപേക്ഷതയ്ക്ക് ബലമുള്ള അടിത്തറ പാകിയത് ശ്രീനാരായണ ഗുരുവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല ശില്പം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ ജാതിയുടെ പേരിലുള്ള ഒരുപാട് ക്രൂരകൃത്യങ്ങൾ നടക്കുന്നു. മതവൈരത്തിന്റെ ഭാഗമായുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നു. അപ്പോഴെല്ലാം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്തായി കേരളം നിലകൊള്ളുന്നു. ഈ രൂപത്തിൽ കേരളത്തെ രൂപപ്പെടുത്താൻ ആഹ്വാനം ചെയ്തത് ശ്രീനാരായണ ഗുരുവാണ്. ജാതിഭേദവും മതദ്വേഷമില്ലാതെ ജനങ്ങൾ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി കേരളത്തെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചത് ഗുരുവാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും തുടർന്നുള്ള കാലവും അതേറ്റെടുത്തു. സാമുദായികമായ ഉച്ചനീചത്വം അവസാനിപ്പിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങളും സാമ്പത്തിക ഉച്ചനീചത്വം അവസാനിപ്പിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളും പോരാടി. അതിന്റെ ആകെത്തുകയാണ് ഇന്ന് കാണുന്ന കേരളം. ശാന്തിയോടെ, സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഇടമായി കേരളം മാറിയതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണ ഗുരുവിനോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, കളക്ടർ എൻ. ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു. ശില്പം നിർമ്മിച്ച ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു.