സർക്കാരിന് തിരിച്ചടി, ശബരിമല വിമാനത്താവള പദ്ധതി എയറിൽ, ചെറുവള്ളി എസ്റ്റേറ്റിൽ ഉടമസ്ഥാവകാശമില്ല
ഹർജി തള്ളി പാലാ കോടതി
കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് ഉടമസ്ഥാവകാശമില്ലെന്ന് പാലാ സബ് കോടതി വിധിച്ചതോടെ സ്വപ്ന പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിൽ. സർക്കാർ ഹർജി കോടതി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പും, സാമൂഹികാഘാത പഠനവും ഹൈക്കോടതി റദ്ദാക്കിയതിന് പുറമേയാണ് വീണ്ടും പ്രതികൂല വിധി.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന 2,263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റും സംസ്ഥാന സർക്കാരും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. 2019ലാണ് ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് കാട്ടി, തിരികെ ലഭിക്കാനായി സർക്കാർ പാലാ സബ് കോടതിയെ സമീപിച്ചത്.
ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും 2005ൽ ഹാരിസൺസ് മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായി അയന ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയത് ആണെന്നുമായിരുന്നു സർക്കാർ വാദം. ഭൂമിക്ക് എല്ലാ രേഖകളും കൈവശമുണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. സബ് കോടതി ഉത്തരവിനെതിരെ സർക്കാർ മേൽക്കോടതിയെ സമീപിച്ചേക്കും.
തിരിച്ചടി ആദ്യമല്ല
2018ൽ എം.ജി.രാജമാണിക്യം കമ്മിറ്റി ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീർന്നതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ശുപാർശ നൽകിയിരുന്നു. സർക്കാർ ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഭൂമിയുടെ മുൻഉടമകളായ ഹാരിസൺ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കൽ കോടതി റദ്ദാക്കി. സിവിൽ കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. പിന്നീട് സുപ്രീംകോടതിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് സർക്കാർ പാലാ സബ് കോടതിയിൽ ഹർജി നൽകിയത്.
മുന്നിലുള്ളത് വലിയകടമ്പ
1. ഉടമസ്ഥാവകാശം ട്രസ്റ്റിനാണെന്ന് കോടതി വിധിച്ചതോടെ ഇനി പദ്ധതി നടപ്പാക്കണമെങ്കിൽ ഭൂമിക്ക് കോടിക്കണക്കിന് രൂപ വിപണി വില നൽകി ഏറ്റെടുക്കേണ്ടി വരും. നേരത്തെ നടത്തിയ പഠനങ്ങൾക്കും സർവേകൾക്കും പുറമെ, വീണ്ടും നടപടികൾ ആരംഭിക്കണം.
2. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നീക്കമെങ്കിൽ വീണ്ടും കാലത്താമസത്തിനും അധിക ചെലവിനും ഇടയാക്കും. പദ്ധതി നടപ്പാക്കാൻ സ്വീകരിച്ച നടപടിക്രമങ്ങളിൽ സുപ്രധാനമായ തെറ്റുകൾ സംഭവിച്ചെന്നാണ് കോടതി വിധികൾ ചൂണ്ടിക്കാട്ടുന്നത്