'കേരളത്തിലെ സ്ത്രീകള്‍ ജോലിക്ക് പോകുന്നുണ്ട്, ഒരു കാര്യത്തില്‍ പിന്നില്‍'

Monday 19 January 2026 11:21 PM IST

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ഗാര്‍ഹിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ പ്രധാനപ്പെട്ടത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് ഡിഐജി അജിത ബീഗം ഐപിഎസ്. വനിതാ കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അജിത ബീഗം ഐപിഎസിന്റെ വാക്കുകള്‍: 'കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ ജോലിക്ക് പോകുന്നുണ്ട്. ആ പങ്കാളിത്തം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇവിടെ എന്താണ് പ്രശ്‌നമെന്ന് പറഞ്ഞാല്‍ സ്വത്ത് വകകളുടെ അവകാശം ഒരു പ്രധാന പ്രശ്‌നമാണ്. എത്ര ശതമാനം സ്ത്രീകളുടെ പേരില്‍ സ്വത്തുണ്ട് എന്ന് നോക്കിയാല്‍ മനസ്സിലാകും. സ്വന്തം പേരില്‍ ഭൂമിയുള്ള സ്ത്രീകളുടെ ശതമാനം വളരെ കുറവാണ്.

വീടിന്റെ കാര്യത്തിലേക്ക് വന്നാല്‍, ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് താമസിക്കുന്നു. അവര്‍ സ്വപ്‌നം കാണുന്നതും ആഗ്രഹിക്കുന്നതും അധ്വാനിക്കുന്നതും ഒരുമിച്ചാണ്. എന്നാല്‍ അതില്‍ സ്ത്രീകളുടെ പേരില്‍ സ്വത്തുള്ളതാകട്ടെ വളരെ ചെറിയ ശതമാനമാണ്. ഇനി മറ്റൊരു കാര്യം ഗാര്‍ഹിക പീഡനമാണ്. ഒരു വര്‍ഷം ശരാശരി 5000 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ എത്ര ശതമാനം സ്ത്രീകളുടെ പേരില്‍ സ്വത്ത് ഉണ്ടെന്ന് കൂടി നോക്കണം. അത് നൂറില്‍ വെറും പത്ത് ശതമാനം മാത്രമാണ്. അപ്പോള്‍ സ്വന്തം പേരില്‍ സ്വത്തുണ്ടെങ്കില്‍ നിങ്ങള്‍ പീഡനം അനുഭവിക്കാനുള്ള സാദ്ധ്യതയും കുറവാണ്.

കേരളത്തിലെ സ്ത്രീകള്‍ പഠിക്കുന്നുണ്ട്, ജോലി ചെയ്യുന്നുണ്ട്, എന്നാല്‍ അവരുടെ പേരില്‍ സ്വത്തുണ്ടാകണം. ഇനി മറ്റ് ജോലിക്ക് പോകാതെ വീട്ടിലെ ജോലികള്‍ നോക്കുന്ന സ്ത്രീകളാണെങ്കില്‍ അതും ഒരു ജോലിയാണ്. പുറത്ത് നിന്ന് ഒരാള്‍ ആ ജോലികള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ശമ്പളം നല്‍കേണ്ടി വരില്ലേ അപ്പോള്‍ വീട്ടിലെ സ്ത്രീകള്‍ ആ ജോലി ചെയ്യുന്നത് അവരുടെ സംഭാവന തന്നെയാണ്.'