'കേരള മഹാകുംഭമേള' നിളാതീരത്ത് തുടങ്ങി
തിരൂർ: തിരുനാവായയിൽ നിളയോരത്ത് കേരള കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേകർ ഉദ്ഘാടനം ചെയ്തു. ധർമ്മ ധ്വജാരോഹണം എന്ന പരമ്പരാഗത ചടങ്ങോടെയാണ് മഹോത്സവത്തിന് തുടക്കമായത്. മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടിൽ നടന്നു. വേദ മന്ത്രോച്ചാരണങ്ങൾ, ജപഘോഷങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്. കാശിയിൽ ഗംഗ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ വൈകിട്ട് നടന്ന നിള ആരതി ആകർഷകമായി. ഭാരതപ്പുഴ ഉദ്ഭവിക്കുന്ന തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് ഭാരതീയ ധർമ്മ പ്രചാരസഭ ആചാര്യൻ യതീശാനന്ദനാഥൻ നയിക്കുന്ന രഥയാത്ര ഇന്നു വൈകിട്ട് തിരുനാവായയിലെത്തും. ദിവസവും രാവിലെ നിളാസ്നാനവും നടക്കും. ഫെബ്രുവരി മൂന്നു വരെ നീണ്ടുനിൽക്കുന്ന മഹാമാഘത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിത്തുടങ്ങി. സത്സംഗങ്ങൾ, വിദ്വൽസദസുകൾ, കളരി, യോഗ, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വർക്കിംഗ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോ-ഓർഡിനേറ്റർ കെ.കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ.സി.ദിലീപ് രാജ, അരിക്കര സുധീർ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
അയോദ്ധ്യയിലേക്ക് ശ്രീരാമൻ എത്തിയ പോലെ: ഗവർണർ
തിരൂർ: അയോദ്ധ്യയിലേക്ക് ശ്രീരാമൻ തിരിച്ചെത്തിയതിനു സമാനമാണ് തിരുനാവായയിലെ നിളാനദിക്കരയിൽ മഹാമാഘം പുനരാരംഭിച്ചതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. മഹാമാഘം ധ്വജാരോഹണം നടത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സനാതന പരമ്പരയുടെ പ്രതീകമായ മഹാമാഘം കൊളോണിയൽ ഭരണത്തിന്റെ അധിനിവേശത്തിൽ നിന്നുപോയതാണ്. ശ്രേഷ്ഠ കർമ്മമാണ് പുനരാരംഭിച്ചിരിക്കുന്നത്. സതാധന ധർമ്മത്തെ തകർക്കാൻ രാജ്യത്തിന് പുറത്തുള്ള ആർക്കും സാധിക്കില്ല. എവിടെ നിന്ന് ആരംഭിച്ചെന്നോ എവിടെ അവസാനിക്കുമെന്നോ അറിയാത്ത സനാതന ധർമ്മം തുടർന്നുകൊണ്ടേയിരിക്കും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് വരും തലമുറയ്ക്ക് പകർന്ന് കൊടുത്ത് മൂല്യച്യുതി വരുത്താതെ സംരക്ഷിക്കണം. സനാതന ധർമ്മം പാലിച്ച് നമ്മുടെ പാരമ്പര്യവും സംസ്കാരവും മുറുകെപ്പിടിക്കണം. ഭാരതം ആരെയും പിടിച്ചടക്കാനല്ല, ഹൃദയം കൈയടക്കാനാണ് പോയത്. അതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയും. ധർമ്മ പരമ്പരയാണ് കേരളത്തിലെ സന്യാസി പരമ്പരകൾ ലോകത്തിന് നൽകിയത്. സനാതന ധർമ്മ പരമ്പര കൂടുതൽ ശക്തമാക്കിയാൽ ഭാരതത്തിന് വിശ്വഗുരു സ്ഥാനം നേടാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു.
സ്റ്റോപ്പ് മെമ്മോയ്ക്ക് എതിരെ ഹർജി
തിരുനാവായ നിളാതീരത്ത് മഹാമാഘ മഹോത്സവ കുംഭമേളയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തടഞ്ഞ തിരുനാവായ വില്ലേജ് ഓഫീസറുടെ ഉത്തരവിനെതിരെ ഹർജി. മഹാമാഘ മഹോത്സവ സമിതി ജനറൽ കൺവീനർ എം.കെ. വിനയകുമാറിന്റെ ഹർജിയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി വീണ്ടും ഇന്ന് പരിഗണിക്കും.