കേരളത്തെക്കുറിച്ച് മോശം ചിത്രം പ്രചരിപ്പിക്കാൻ ശ്രമം: പിണറായി

Tuesday 20 January 2026 12:11 AM IST

കൊല്ലം: കേരളത്തെക്കുറിച്ച് രാജ്യമാകെ മോശം ചിത്രം പ്രചരിപ്പിക്കാൻ ഒരുകൂട്ടർ കുറച്ചുനാളായി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമയുടെ എഴുപതാം വാർഷികത്തിന് സമാപനം കുറിച്ച് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടന്ന അവകാശ സംരക്ഷണ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതവും അധികാരവും തമ്മിലുള്ള അതിർവരമ്പ് വേർതിരിച്ച് അറിയാനാകാത്ത വിധം നേർത്ത് വരുന്നത് ആശങ്കാജനകമാണ്. മതസൗഹാർദ്ദത്തിനും സാമുദായിക ഐക്യത്തിനും പേരുകേട്ട കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മലിനമാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. കേരളത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നവർ നുണകൾ സത്യങ്ങളെന്ന മട്ടിൽ അവതരിപ്പിക്കുന്ന ഫാസിസ്റ്റ് തന്ത്രമാണ് പയറ്റുന്നത്. അതിനായി കലാരൂപങ്ങളെ ദുരുപയോഗം ചെയ്യുന്നു. അതാകട്ടെ ന്യൂനപക്ഷങ്ങൾക്ക് മേൽ നുണകൾ കെട്ടഴിച്ചുവിടാനുള്ള ഉപാധിയാക്കുന്നു. അത്തരം കലാസൃഷ്ടികൾക്ക് ചില പ്രത്യേക അംഗീകാരങ്ങളും ലഭിക്കുന്നു. ജാതിമത വേർതിരിവുകളില്ലാതെ, വർഗ്ഗീയ സംഘർഷങ്ങളില്ലാതെ സമാധാനാന്തരീക്ഷമുള്ള നമ്മുടെ നാട്ടിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീവ്രവാദ ക്യാമ്പിലേക്ക് പോയ മകന്റെ മയ്യത്ത് കാണേണ്ടെന്ന് പറഞ്ഞ ഉമ്മയുടെ നാടാണ് കേരളമെന്ന് നുണപ്രചാരകർ മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷിക സുവനീർ പി.കെ. കുഞ്ഞാലിക്കുട്ടി, എ.കെ. ഉമർ മൗലവിക്ക് നൽകി പ്രകാശനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നയ പ്രഖ്യാപനം നടത്തി. എം.പിമാരായ അബ്ദുസമദ് സമദാനി, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ എം. നൗഷാദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി 70-ാം വാർഷിക സന്ദേശവും സി.എ. മൂസ മൗലവി പ്രമേയാവതരണവും കടയ്ക്കൽ ജുനൈദ് ആമുഖഭാഷണവും നടത്തി. അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ, പാങ്ങോട് കമറുദ്ദീൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, അഡ്വ. മുഹമ്മദ് ഷാ, വി.എച്ച്. മുഹമ്മദ് മൗലവി, ആലുവ എം .എം. ബാവാ മൗലവി, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, മുഹമ്മദ് നദീർ മൗലവി, ഇലവു പാലം ഷംസുദ്ദീൻ മന്നാനി, ഡോ. പി. നസീർ, രണ്ടാർക്കര മീരാൻ മൗലവി, എ.എം. ഇർഷാദ് ബാഖവി, പനവൂർ സഫീർ ഖാൻ മന്നാനി, എം. നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു.