മൈക്ക് പിണങ്ങി, പിണങ്ങാതെ മുഖ്യൻ
Tuesday 20 January 2026 12:39 AM IST
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ മൈക്ക് പണിമുടക്കി. ഇന്നലെ വൈകിട്ട് പുനലൂരിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോഴാണ് മൈക്ക് നിന്നത്.
'ഏരിയ കമ്മിറ്റി ഓഫീസിന് വി.എസ്.അച്യുതാനന്ദന്റെ പേര് നൽകിയത് എല്ലാ അർത്ഥത്തിലും ഔചിത്യപൂർണമായ നടപടിയാണ്, വി.എസ് ഭവന്റെ ഔപചാരികമായ ഉദ്ഘാടനം എല്ലാവരുടെയും അനുമതിയോടെ നിർവഹിച്ചതായി ആദ്യമായി'- എന്ന് പറഞ്ഞപ്പോഴാണ് മൈക്ക് തകരാറിലായത്. സംസാരിക്കുന്നത് കട്ട് ആകുന്നതായും മൈക്കുകാരൻ ശ്രദ്ധിക്കണമെന്നും ക്ഷുഭിതനാകാതെ മുഖ്യമന്ത്രി പറഞ്ഞു. 'മൈക്കുകാരൻ എന്ന് പറഞ്ഞപ്പോൾ മൈക്ക് ഇല്ല, കാരനെയുള്ളൂ' എന്ന് ചെറുചിരിയോടെ പറഞ്ഞു. സൗണ്ട് സിസ്റ്റത്തിന്റെ ജീവനക്കാരൻ ഓടിയെത്തി, തകരാറുള്ള മൈക്ക് മാറ്റി പുതിയത് ഘടിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.