കന്നടയി​ലും അഷ്‌ഫിയ ചൊല്ലും ദൈവദശകം

Tuesday 20 January 2026 12:42 AM IST
അഷ്ഫി​യ

വി​ദേശ രാജ്യങ്ങളി​ൽ നി​ന്നു ക്ഷണം, അഭി​നന്ദന പ്രവാഹം

തൊടിയൂർ: ശിവഗിരി തീർത്ഥാടന മഹാസമ്മേളന വേദിയിൽ ദൈവദശകം ചൊല്ലി വിസ്മയിപ്പിച്ച അഷ്‌ഫിയ അൻവറിന്റെ ജൈത്രയാത്ര കടൽ കടക്കുന്നു. ദൈവദശകം ആലപിക്കാനും അനുമോദനങ്ങൾ ഏറ്റുവാങ്ങാനുമായി യു.കെ, സൗദി അറേബ്യ, ദുബായ്, കുവൈറ്റ്, ഒമാൻ എന്നി​വി​ടങ്ങളി​ൽ നിന്ന് അഷ്‌ഫിയയ്ക്ക് ക്ഷണം ലഭിച്ചു. കന്നട ഭാഷയി​ൽ ദൈവദശകം ചൊല്ലാൻ പഠി​ക്കുകയാണ് അഷ്ഫി​യ.

കഴിഞ്ഞ ദിവസം ഓച്ചിറ സായി സിനി പ്ലക്സ് ഉദ്ഘാടന വേദിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഷ്‌ഫിയയെ അനുമോദിച്ചു. ഈ മാസം 24ന് ആലുംകടവ് ഗുരുമന്ദിര ഉദ്ഘാടന ചടങ്ങിൽ സ്വാമി ശുഭാംഗാനന്ദയുടെയും 25ന് നൂറനാട് ഐ.ടി.ബി.പി ജംഗ്ഷനിൽ ബദരിയ മീഡിയ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദി​ന്റെയും സാന്നി​ദ്ധ്യത്തി​ൽ അഷ്‌ഫിയയെ ആദരിക്കും. സി.ആർ മഹേഷ് എം.എൽ.എ, നടൻ ടിനി ടോം, പി. രാമഭദ്രൻ തുടങ്ങിയവർ അഷ്‌ഫിയയുടെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.

തുടക്കം വിവാഹവേദിയിൽ നിന്ന്

കഴിഞ്ഞ സെപ്തംബർ 2ന് തൊടിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എസ്. സുനി കുമാറിന്റെയും തൊടിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി സുനിൽ കുമാറിന്റെ മകളുടെ വിവാഹവേദിയിലാണ് അഷ്‌ഫിയ ആദ്യമായി ദൈവദശകം ആലപിച്ചത്. മരുതൂർകുളങ്ങ സ്വദേശി സുധീഷ് 'കരുനാഗപ്പള്ളി ഡോട് കോം' എന്ന ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് അഷ്‌ഫിയ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.

കുടുംബം നി​റയെ പ്രതി​ഭകൾ

തൊടിയൂർ ഇടക്കുളങ്ങര അഫ്സർ വില്ലയിൽ അൻവർ സാദത്തിന്റെയും വാഹിദയുടെയും മകളായ അഷ്‌ഫിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ഒന്നാം വർഷ ബി.എ വിദ്യാർത്ഥിനിയാണ്. സഹോദരൻ അഫ്സർ മുഹമ്മദ് റോളർ സ്കേറ്റിംഗിൽ ഗിന്നസ് റെക്കാഡ് ജേതാവാണ്. ഇളയ സഹോദരൻ ആദം അലി മുഹമ്മദ് ഐക്യൂ ടാലന്റ് മാസ്റ്റർ ജീനിയസായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ദൈവദശകം ഒരു സർവ്വമത പ്രാർത്ഥനയാണ്. ഏതെങ്കിലും ജാതിക്കോ മതത്തിനോ വേണ്ടിയുള്ളതല്ല, മനുഷ്യരാശിക്കാകെ വേണ്ടിയുള്ള ഈ പ്രാർത്ഥന ഗീതം എന്നെ ആഴത്തിൽ സ്വാധിച്ചിരുന്നു. അതിനാലാണ് മകൾ ദൈവദശകം പഠിച്ച് ചൊല്ലണമെന്ന് തീരുമാനിച്ചത്. നിലവിൽ കന്നട ഭാഷയിൽ ദൈവദശകം ആലപിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് അഷ്‌ഫിയ

അൻവർ (പിതാവ് )