വളര്‍ന്നത് റബ്ബര്‍ തോട്ടത്തില്‍, കിലോയ്ക്ക് വില 400 മുതല്‍ 500 വരെ

Tuesday 20 January 2026 12:47 AM IST

പാലക്കാട്: മലയോര മേഖലയിലെ റബ്ബര്‍ തോട്ടങ്ങളില്‍ വെച്ചു പിടിപ്പിച്ച തോട്ടപ്പയര്‍ വിളവെടുപ്പിന് പാകമാകുന്നു. തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനും പച്ചിലവളത്തിനും ഈര്‍പ്പം നിലനിറുത്താനുമായാണ് തോട്ടപ്പയര്‍ കൃഷി ചെയ്യുന്നത്. ഡിസംബറിലെയും ജനുവരിയിലെയും മഞ്ഞ് വീഴ്ചയോടെ തോട്ടപ്പയര്‍ പൂത്തു തുടങ്ങി. സ്ഥിരമായി തോട്ടപ്പയര്‍ വിത്ത് സംഭരിക്കുന്നവര്‍ തോട്ടങ്ങളില്‍ ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണം ഒഴിവാക്കുന്നതിനും കൂടുതല്‍ പൂക്കളും കായ്കളും ഉണ്ടാകുന്നതിനുമുള്ള മരുന്നും തളിച്ചു തുടങ്ങി.

റബ്ബര്‍ തോട്ടം ഉടമകള്‍ക്ക് ചെറിയ സംഖ്യ പാട്ടമായി നല്‍കിയാണ് തോട്ടപ്പയര്‍ വ്യാപാരികള്‍ പയര്‍ സംഭരിക്കുന്നത്. പുതുതായി റബ്ബര്‍ നട്ട തോട്ടങ്ങളില്‍ വിത്ത് കൊണ്ടുപോയി പയര്‍ പിടിപ്പിച്ച് കൊടുക്കുന്ന രീതിയും ഉണ്ട്. വര്‍ഷത്തില്‍ ചെറിയ സംഖ്യ തോട്ടം ഉടമകള്‍ക്കും നല്‍കുന്നതിനാല്‍ തോട്ടത്തില്‍ കാടുകള്‍ വളരുന്നത് ഒഴിവായി കിട്ടും എന്ന് മെച്ചവും കര്‍ഷകര്‍ക്കുണ്ട്. പയര്‍ നട്ടുവളര്‍ത്തുന്നത് കൊണ്ട് തോട്ടം ഉടമകള്‍ക്ക് നൈട്രജന്‍ വളവും പാഴ്ച്ചെടികള്‍ വളര്‍ന്നു കയറുന്നത് ഒഴിവാകുകയും തോട്ടം മുഴുവന്‍ ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.

തോട്ടപ്പയര്‍ കൃഷിയിടങ്ങളില്‍ നിന്ന് പറിച്ച് ഉണക്കി സംഭരിക്കുന്ന കരിമ്പാറ പറയമ്പളം സ്വദേശി കെ.പി.ചെന്താമരാക്ഷന്‍ പാട്ടത്തിന് എടുത്ത തോട്ടങ്ങളില്‍ കീടനാശിനിയും പൂവിടുന്നതിനുള്ള ഹോര്‍മോണും തളിച്ചു തുടങ്ങി. ചെറുപയര്‍, ഉഴുന്ന് എന്നിവയുടെ വലുപ്പത്തിലുള്ള പയര്‍ മൂപ്പത്തുമ്പോള്‍ പറിച്ചെടുക്കുക എന്നത് വലിയ അധ്വാനമുള്ള ജോലിയാണെന്ന് കര്‍ഷകര്‍ പറയുന്നു. മൂപ്പത്തിയ കായകള്‍ സമയത്തിന് പറിച്ചെടുത്തില്ലെങ്കില്‍ പൊട്ടിത്തെറിച്ച് പയര്‍ നഷ്ടപ്പെടും.

കായകള്‍ പറിച്ച് സിമന്റ് തറയിലോ പ്ലാസ്റ്റിക് ഷീറ്റുകളിലോ ഇട്ടുണക്കി പൊളിച്ചടുത്താണ് വിത്ത് സംഭരിക്കുന്നത്. ഈ വര്‍ഷം റബര്‍ തോട്ടങ്ങളില്‍ അകാലിക ഇലകൊഴിച്ചില്‍ ഉണ്ടായതോടെ കൂടുതല്‍ സൂര്യപ്രകാശം ലഭിച്ചതോടെ നല്ല രീതിയില്‍ പയര്‍ വളര്‍ന്ന് പൂവിട്ടിട്ടുണ്ടെന്നും ചെന്താമരാക്ഷന്‍ പറഞ്ഞു. റബ്ബര്‍ തോട്ടങ്ങളില്‍ രണ്ടുതരം തോട്ടപ്പയറുകളാണ് ഇടവിളയായി കൃഷി ചെയ്യാറുള്ളത്. പ്യുറേറിയ എന്ന ഇനമാണ് കേരളത്തില്‍ പൂത്ത് കായ പിടിക്കാറുള്ളത്. മഞ്ഞപ്പയര്‍ എന്ന പേരിലും ഈ ഇനം അറിയപ്പെടുന്നു. ഉണങ്ങിയ വിത്തിന് കിലോയ്ക്ക് 400 മുതല്‍ 500 വരെ വിലയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പ്രധാനമായും തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് വിപണി.