സ്വർണക്കൊള്ളയിൽ മൂന്നാം കേസ്

Tuesday 20 January 2026 2:37 AM IST

തിരുവനന്തപുരം: ശബരിമലയിൽ വമ്പൻ സ്വർണക്കൊള്ളയെന്ന വി.എസ്.എസ്.സി ശാസ്ത്രീയപരിശോധനാ റിപ്പോർട്ടോടെ സ്വർണക്കൊള്ളക്കേസിന്റെ ദിശമാറുകയാണ്. ശ്രീകോവിലിലെ പാളികൾ കടത്തിയശേഷം, പുതിയതുണ്ടാക്കി സ്വർണംപൂശി തിരിച്ചെത്തിച്ചതാണോയെന്നാണ് ഇനി അറിയേണ്ടത്. അങ്ങനെയെങ്കിൽ അന്വേഷണം കേന്ദ്രഏജൻസിക്ക് കൈമാറാനിടയുണ്ട്. നിലവിലുള്ള കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പക്കേസുകൾക്ക് പുറമെ മൂന്നാമതൊരു കേസുകൂടി എസ്.ഐ.ടി ഉടൻ രജിസ്റ്റർ ചെയ്യും. ശ്രീകോവിൽ വാതിൽ, കൊടിമരം എന്നിവയിലെയടക്കം സ്വർണക്കൊള്ള നടത്തിയതിനാവും ഇത്. മറ്റ് രണ്ടുകേസുകളിലെ പ്രതികളെ ഇതിലും പ്രതിയാക്കും. സ്ട്രോംഗ് റൂമിലുണ്ടെന്ന് രേഖയിലുള്ള നിരവധി സ്വർണം പൊതിഞ്ഞ വസ്തുക്കൾ കാണാനില്ലെന്നാണ് വിവരം. ഇതിന്റെ വിശദപരിശോധനയും എസ്.ഐ.ടി നടത്തും.

മൂന്നാമത്തെ കേസുകൂടി എടുക്കുന്നതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ എസ്.ഐ.ടിക്കാവും. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബർ 17നാണ് അറസ്റ്റ് ചെയ്തത്.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ഒക്ടോബർ 23നും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെ നവംബർ ഒന്നിനുമാണ് അറസ്റ്റ് ചെയ്തത്.