വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മർദ്ദ ശക്തിയാകും: രാജു അപ്സര
കാസർകോട്: കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്ന് വ്യാപാര സൗഹൃദ നിലപാടുകൾ ഉണ്ടാക്കാനും നിയമനിർമ്മാണ സഭകളിൽ പ്രാതിനിധ്യം ഉറപ്പിക്കാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി നിലകൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഇന്നും നാളെയുമായി ഗേറ്റ് വേ ബേക്കലിൽ നടക്കുന്ന സമിതി റീട്ടെയിൽ കോൺക്ലേവിൽ പങ്കെടുക്കാനായി കാസർകോട്ടെത്തിയതായിരുന്നു അദ്ദേഹം.
യൂണിറ്റുതലം മുതൽ സംസ്ഥാനതലം വരെയുള്ള അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതിനേക്കാൾ കൃത്യതയുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ സംഘടനയിൽപ്പെട്ട 2,211പേർ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിച്ചു. 1,274 അംഗങ്ങൾ വിജയിച്ചു. മൂന്നു മുന്നണികളെയും തോൽപ്പിച്ചു ജയിച്ച സംഘടനാ നേതാക്കളുമുണ്ട്.
നിയമസഭ മണ്ഡലങ്ങളിൽ ഓരോന്നിലും പതിനായിരം വോട്ടുകളെങ്കിലും സംഘടനയ്ക്കുണ്ട്. 50 മണ്ഡലങ്ങളിൽ ആരു ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തിയും സമിതിക്കുണ്ട്. ഇതുവരെ ഏകോപന സമിതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായിട്ടില്ല. സംഘടനയിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. എന്നാൽ, വ്യാപാരികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കും.
സമിതി പിന്തുണയ്ക്കുന്ന മുന്നണി അടുത്ത തവണ കേരളം ഭരിക്കുമെന്ന് ഉറപ്പിച്ചു പറയാനാകും. വിജയ പ്രതീക്ഷയുള്ള മണ്ഡലത്തിൽ സംഘടനയുടെ സംസ്ഥാന ഭാരവാഹികളെ സ്ഥാനാർത്ഥികളാക്കണമെന്ന് ആഗ്രഹമുണ്ട്. സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകുകയും പ്രശ്നങ്ങൾ വരുമ്പോൾ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനം തിരുത്തണം.
വിഷയാധിഷ്ഠിത നിലപാട്
വ്യാപാര മേഖലയിലെ പ്രതിസന്ധി കാരണം ഒരു ലക്ഷം വ്യാപാരികൾ കച്ചവടം നിറുത്തിപ്പോയി. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഈ കാലഘട്ടത്തിൽ അനിവാര്യമായ വിഷയാധിഷ്ഠിത രാഷ്ട്രീയ നിലപാടാണ് സംഘടന സ്വീകരിക്കുന്നത്. വ്യാപാരി സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് നിലപാടെന്നും രാജു അപ്സര പറഞ്ഞു.